Sep 17, 2011

ലവണതൈലം നാലാം ദിവസം

       അച്ഛന്റെ രണ്ടാമത്തെ പെങ്ങള്‍ ശാന്താകുമാരിക്ക് പിലക്കാട്ടെ പുഷ്പാലയം വീടിന്റെ മതിലിമ്മേലുള്ള സിംഹത്തല കണക്കേ രണ്ടു പിള്ളേരുണ്ട്. ഒന്ന് അമ്മു ആന്‍ഡ്‌ സെക്കന്റ് വന്‍ അപ്പു. ഭര്‍ത്താവ് ഉണ്ണിഷ്ണേട്ടന്‍ ഒരു മല നാടന്‍ അപ്പനൊന്നുമല്ല, തീരെ നിറമില്ലാത്ത ഒരു ശ്രീനിവാസന്‍. സ്ഥിരമായി ബര്‍മ്മ ബീഡി ആഞ്ഞു വലിക്കുന്ന പുള്ളിക്കാരന്‍ കുമാരേട്ടന്റെ തട്ട് കടയിലെ മാസ്റ്റെര്‍ ഷെഫ്‌ ആണ് ഇപ്പോള്‍.  അവരുടെ രമ്യഹര്മം അച്ഛമ്മയുടെ ഇരുപ്പ്‌നിലത്തില്‍ നിന്ന് ഭാഗം കൊടുത്ത  എന്റെ വരിക്കാശേരി മനയുടെ അടുത്ത് തന്നെയാണ്. സൊതവേ എനിക്ക് ആണ്‍കുട്ടികളോട്  ഇച്ചിരി കൂടുതല്‍ ഇഷ്ടമുന്ടെന്നിരിക്കെ ഞങ്ങടെ കുടുംബത്തില്‍ ആദ്യമായി ഒരു ആണ്‍ തരി പിറന്നത് അച്ഛന്‍ പെങ്ങള്‍ക്ക് രണ്ടാമത് പിറന്ന അപ്പു ആയിരുന്നു. അതും 2005 ഫെബ്രുവരി 14 ന്. റെഡ്‌ റോസില്‍ തുടങ്ങി ഗ്രീന്‍ ലേബലില്‍ അവസാനിക്കുന്ന ദിവസമായ നമ്മടെ സ്വന്തം വാലന്റയിന്‍സ്‌ ഡേയില്‍ ഒരു വെളിച്ച തുണ്ട് പോലെ പിറന്നു വീണു. വെളിമ്പറമ്പിലെ മുളം കുറ്റി പോലെയുള്ള പല്ലുകള്‍ അത് ആകാശവാണിയിലെ കണ്ടതും കേട്ടതും പോലെ വത്യസ്തമായിരുന്നു. കാശുകുടുക്ക പോലെയുള്ള  വായിലെ പുഴുപ്പല്ലുകള്‍ക്കിടയിലൂടെ തുപ്പലം തെറിച്ച് ചിണുങ്ങുന്നതു കാണാന്‍ തന്നെ  രസായിരുന്നു. ചെറുപ്പത്തിലെ  മൂക്കുത്തിസുന്ദരി അമ്മുവിനെക്കാള്‍ അവനെയെനിക്ക് ഇഷ്ടമായിരുന്നു. തറവാട്ടിലെ അമ്മായീടെ ചുട്ടരച്ച ചമ്മന്തിയെക്കാള്‍ ഇഷ്ടം. ഗള്‍ഫ്കാരും ബ്രൂട്ടും പോലെയുള്ള ഒരിഷ്ടം. ആ ഇഷ്ടം അതേ വെലോസിറ്റിയില്‍ അവനെന്നോടുമുണ്ടെന്നു കൂട്ടിക്കോളൂ. എനിക്കും ഒരു ആണ്‍ കുട്ടി ഉണ്ടാകണമെന്നും അത്  ഇവനെ പോലെ ഉണ്ണിക്കാടന്‍ വികൃതി കുട്ടനാകണമെന്നുമൊക്കെ  ശനിയാഴ്ച്ച എള്ള് തിരി കത്തിക്കുമ്പോള്‍ ഞാന്‍ മുത്തനോട് പ്രാര്‍ഥിക്കാറുണ്ട്. ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ബൈക്കിന്റെ മുന്‍പില്‍ ഇരിക്കാന്‍ അവനുണ്ടാകും. ഞാനാണെങ്കില്‍ അവനെ എല്ലാടത്തും കൊണ്ട് പോകുകയും ചെയ്യും.. കല്യാണം കഴിഞ്ഞ ശേഷം പ്രായപൂര്‍ത്തി ആയവര്‍ ചെയ്യുന്ന ഒരു കാര്യം ചെയ്യാന്‍ പോയപ്പോഴും അവനെന്റെകൂടെ ഉണ്ടായിരുന്നു. അയ്യോ തെറ്റി ധരിക്കരുതേ. പഞ്ചായത്ത് ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ പോയ കാര്യമാ പറഞ്ഞെ!!.


ഇപ്പോള്‍ അവനു അഞ്ചു വയസ്സ്. ബാലപംക്തികളില്‍ താല്പര്യമില്ലാത്ത അവന്‍  കേരള പാഠാവലിയിലെ തറയും  പറയും അതിന്റെ കൂടെ അല്ലി കൊല്ലി പിള്ളാരുടെ കൂട്ടും കൂടി  ഫാസ്റ്റ്‌ പാസഞ്ചര്‍ സ്പീഡില്‍ അത്യാവശ്യം തെറിയും പഠിക്കാന്‍ തുടങ്ങി. ചാഴിയാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥി. പപ്പടകെട്ട് പോലെ പുസ്തകവുമായി ശ്രീരാമജയവും പാടി ചന്നം പിന്നം മഴയുടെ ആലസ്യത്തില്‍ ദിവസോം ഉസ്കൂളില്‍ പോകും.

അങ്ങനെയിരിക്കെ 2010 ഡിസംബര്‍ 25  ന് അതായത് ക്രിസ്മസ് ദിവസം, അന്നും  സൂര്യന്‍ ചെട്ടിപാറ കുന്നില്‍ പെറ്റ്  വീണു.  ഞാന്‍ ഡ്രൈ ആയിരുന്ന ദിവമായിരുന്നു. അന്നും കുടംപുളിയിട്ടു വറുത്തരച്ച മത്തിക്കൂട്ടാനായിരുന്നു കറി. സംഗതി കാനായിലെ കല്യാണത്തിന് പുള്ളി വീഞ്ഞുണ്ടാക്കിയതാ എന്നിട്ടും ക്രിസ്മസിന് ഒരു തുള്ളി സാധനം നമ്മുക്ക് കിട്ടൂല. ഗവണ്മെന്റിന്റെ ഓരോ നിയമേ.!!..

 ‘’എന്ത് തന്നെ കഴിച്ചാലും അവന്‍ തടി വക്കുന്നില്ലടാ’’  എന്ന പരാതിയുമായി അച്ഛന്‍ പെങ്ങള്‍ എന്നെ സമീപിച്ചത് എന്റെ ഏതോ ചീത്ത സമയത്താണ്. അത്യാവശ്യം കുമ്പിടിജോത്സ്യം  അറിയുന്നത് കൊണ്ട് എന്തേലും പ്രശ്നണ്ടോ എന്നാണു അവര്‍ക്ക്‌ അറിയേണ്ടിയിരുന്നത്. വെറും വയറ്റില്‍ ചള്‌  വിറ്റ്‌ അടിക്കുന്ന ഞാന്‍ ആദ്യം ഒന്ന് ആലോചിച്ചു.

ആ സമയം വടക്കൊറത്തു നിന്നും അമ്മ കടുക് വറക്കുന്നതിന്റെ മണം മൂക്കില്‍ അടിക്കുന്നുണ്ട്. കുത്തരി കഞ്ഞിക്ക് അടുപ്പില്‍ തെങ്ങിന്റെ കൊതുമ്പ് ഒന്ന് കൂടി തിരുകിയെന്നു തോന്നുന്നു.  വിശപ്പ് കള കാഞ്ചി പാടുന്നുണ്ട്.

‘’ഏയ്‌ അവനിപ്പോ കൊഴപ്പൊന്നൂല്ല്യ. മകയിരം അവസാന പാതി അല്ലെ. ഇരുപത്തഞ്ചു കഴിയട്ടെ പിന്നവനെ പിടിച്ചാല്‍ കിട്ടൂല’’.

എന്റെ അറിവില്‍ മകയിരം നാള് കാര്‍ ഒന്ന് കുന്നത്തെ മണിയേട്ടന്‍ കൂറ്റനാട് ശാരിക തുണിക്കട തല്ലി തകര്‍ത്തു നാട് വിട്ടതാ, പിന്നെ കണ്ടിട്ടില്ലാ, പിന്നെ PKC കോളനിയിലെ ഉണ്യേട്ടന്‍ 40 വയസായിട്ടും ഇതേ വരെ പെണ്ണ് കിട്ടാതെ നടക്കുന്നു. പിന്നെ എന്റെ ഭാര്യേടെ ഒരു കൂട്ടുകാരി വെളുത്ത പൂഴി മണ്ണിന്റെ കളറുള്ള മൃദുല അമ്പട്ടന്‍ ഭര്‍ത്താവിനെയുമായി പിണങ്ങി വീട്ടില്‍ നില്‍ക്കുന്നു. നാലാമത്തേതാണിവന്‍. ഇവനിനി എന്തൊക്കെ വരുത്തി തീര്‍ക്കും എന്ന് മനസ്സില്‍ വിചാരിച്ചു.
‘’തടി വക്കാന്‍ വല്ല തവള ഇറച്ചി വാങ്ങി കൊടുത്തോക്ക്യെ’’ എന്ന് പറഞ്ഞു തടി ഊരാന്‍ ശ്രമിച്ചു.
അപ്പോള്‍ അപ്പു എന്നോട് ചോദിച്ചു.....
അല്ല മാമേ തവള ഇറച്ചി തിന്നാല്‍ ഞാന്‍ തടി വയ്ക്കുമോ?
ഒരു ഹുങ്കാരചോദ്യം വീണ്ടും എന്റെ അമ്മ തോട്ടിലിലേക്ക്.

‘’പിന്നല്ലാതെ’’. വെള്ളിത്തിളക്കമുള്ള ഒരു ചിരി ചിരിച്ച് പാള വീശറി അമര്‍ത്തി വീശി ഞാന്‍ പറഞ്ഞു.

എങ്കില്‍ എന്താ മാമേ നീര്കോലി വണ്ണം വക്കാത്തെ..? അങ്ങനെ ആണെങ്കില്‍ അവറ്റ മലമ്പാമ്പ്‌ ആവില്യേ. ????. കയ്യിലിരുന്ന ഇരുമ്പാം പുളി കല്ലുപ്പില്‍ കുത്തി കടിച്ചോണ്ടാണ് ചോദ്യം.
നീ പോയെ പോയെ........അല്ല പിന്നെ .... എന്റെ രോമകൂപങ്ങളെല്ലാം എണീറ്റ് നേരെ നിന്നു.

സംഗതി ശീമകൊന്നയുടെ വടി പൊട്ടിച്ചു ഒന്ന് കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല. ചെക്കനല്ലേ.... ഇതൊക്കെയാണ്  അവന്റെ ചോദ്യങ്ങളും കാര്യങ്ങളും.
ഇതിനൊക്കെ എന്തൂട്ട് ഉത്തരാ കൊടുക്കുക ...അല്ല പിന്നെ...

ഇനി കാര്യത്തിലേക്ക് വരാം.

കല്യാണം കഴിഞ്ഞു അധികം താമസിയാതെ യൂണി വേഴ്സല്‍ കിംഗ്‌ ആയ മാവേലിയുടെ മാസമായ ചിങ്ങത്തില്‍ പത്ത് ദിവസത്തെ പൂവിടലിനു ശേഷം  നമ്മടെ പെണ്ണൊരുത്തി മെന്‍സസ് പായ കുറച്ചു കാലത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ എന്റെ മാവും പൂത്തു. മനസ്സില്‍ അഞ്ചെട്ടു ലഡുവും പൊട്ടിച്ചു ഉണ്ണിക്കാടന്റെ വരവിനായി ഞങ്ങള്‍ കാത്തിരുന്നു. അതിനു ശേഷം നഷ്ട രാവുകളുടെ കൂട്ട വിലാപങ്ങള്‍ എന്റെ റൂം കുറെ കേട്ടു. ബന്ധപെടലിന്റെ കണക്കുപുസ്തകത്തില്‍ ഹാജര്‍ നില കുറഞ്ഞു തുടങ്ങി. ആദ്യ രാത്രിയുടെ സ്നാപ്പുകള്‍ ഓര്‍ത്ത്‌ വികാര നൌകയെ ഞാന്‍ ഒരു കുറ്റിയിന്മേല്‍ കെട്ടിയിട്ട് നിശ്വാസത്തിന്റെ നീരാവി ഉതിര്‍ത്തു. അല്ല പണ്ട് ആരോ ട്വിറ്ററില്‍ എഴുതിയപോലെ അനുഭവങ്ങള്‍ ആണല്ലോ മനുഷ്യനെ വേണു നാഗവള്ളിമാര്‍ ആക്കുന്നത്  ആ സമയത്തെ കുറിച്ച് അങ്ങനെ ഒക്കെ അല്ലെ പറയാന്‍ പറ്റൂ. ചാലക്കുടീല്‍ ബീവരെജിന്റെ മുന്നില്‍ പായസ വിതരണം തുടങ്ങിയതിന്റെ ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ ആലില വയര്‍ മാറി സാമാന്യം ഭേദപ്പെട്ട വയര്‍ പ്രത്യക്ഷമായി തുടങ്ങി.   

ഏകദേശം ഫെബ്രുവരി ആയപ്പോള്‍ മേരിക്കൊണ്ടൊരു കുഞ്ഞാട് എന്നാ സിനിമ പത്തന്‍പത് ദിവസം കഴിഞ്ഞു മട്ടന്‍ ബിരിയാണി ആയ സമയം. ഞാനും എന്റെ പ്രേമ കുമാരിയും കൂടി ഡോക്ടറെ കണ്ടു. ആ സിനിമക്കും പോയി വീട്ടില്‍ റസ്റ്റ്‌ എടുത്തിരിക്കുകയായിരുന്നു . ടീവി കാണുമ്പോള്‍   അപ്പുവും  ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും ജിമ്മിന് പോയി ചുരണ്ടികൂട്ടിയ സിക്സ് പാക്കിന്റെ ആറ്റു നോറ്റുണ്ടാക്കിയ ആദ്യ ഗടു കുംഭയായി രൂപാന്തരം പ്രാപിച്ചതിന്റെ മുകളിലാണ് അവന്റെ ഇരിപ്പ്‌. അതും സര്‍വേരികല്ലിലെ കാക്കയെ പോലെ. കുന്ദംകുളത്തെ സ്റ്റാന്റില്‍ നിന്നും വാങ്ങിയ രണ്ടു പാക്കറ്റ്‌ കടല ഒരുമിച്ചു കഴിച്ചതിന്റെ ഫലമായി വയറ്റിനുള്ളില്‍ നിന്ന് ആന്തോളനവും ദോളനവും ഒരുമിച്ചു വന്നതിന്റെ ക്ഷീണം മാറിയിട്ടുണ്ടായിരുന്നില്ല. എങ്കില്‍ പോലും ഇടയ്ക്കിടെ പടിഞ്ഞാറേ നടയിലൂടെ മന്ദ മാരുതന്‍ ശബ്ദമുണ്ടാകി കുണ്ടനിടവഴിയിലേക്ക് പായുന്നുണ്ട്. അപ്പുവും ഭാര്യയും കൂടി ഇടയ്ക്കിടെ മൂക്ക് പൊത്തി പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.

മാമാ മാമ ഇതെന്താ അമ്മായീടെ വയര്‍ വീര്ത്തിരിക്കുന്നെ?...എന്നിടോരു പ്രത്യേക കടാക്ഷം. അതും അവളുടെ വയറ്റില്‍.... പൂത്തിരുവാതിര പോലെയുള്ള വയറ് നോക്കി ചുരികതുമ്പിലെ ആദ്യത്തെ ചോദ്യം.
 അത്..അത്..കുംഭയാടാ...ആ കുംഭക്കുള്ളില്‍ ഒരു ഉണ്ണി ഉണ്ട്. മാമെടെ മോന്‍. അവന്റെ കണ്ണില്‍ കണ്ട അഗാധതയുടെ ഓളങ്ങള്‍ക്ക് അനുസരണമായി ഞാന്‍ പറഞ്ഞു.
ആണോ. അപ്പൊ മാമടെ വയറ്റിലും ഉണ്ണി ഉണ്ടോ? 50 ഫില്‍സിന്റെ ഒരു ചോദ്യം കൂടി.

മം... മം...... ചെക്കന്‍ ആളു കുഴപ്പല്ല്യാലോ.. വീണ്ടും ഉത്തരം മുട്ടിച്ചു.....എന്റെ അരിമ്ബ്രാവ് പോലുള്ള വയര്‍ കണ്ടിട്ടാണ് അവന്റെ ചോദ്യം....തെറിയുടെ പ്രാസ വഴി എനിക്ക് അറിയാഞ്ഞിട്ടല്ല. ചെറ്യേ ചെക്കനല്ലേ.
ദേ ഇപ്പ ശര്യാക്കി തരാം. പപ്പു സ്റ്റൈലില്‍ ഞാന്‍ പറഞ്ഞു.

അതായത്.......എന്നും പറഞ്ഞു ഞാന്‍ തുടങ്ങിയപ്പോള്‍ ടീവീല് ലവണ തൈലത്തിന്റെ പരസ്യം നടക്കുന്നു. അതും കണ്ടു എന്റെ മഞ്ജു ഭാഷിണി ഇടയില്‍ കേറി മൊഴിഞ്ഞു. 
‘’ഏട്ടാ ..ഏട്ടന് ഒരെണ്ണം വാങ്ങി പുരട്ടി നോക്കി കൂടെ. ഇപ്പം പ്രായം ഇരുപത്തിയാറല്ലേ  ആയിട്ടുള്ളൂ എങ്കിലും കുംഭ ഒരു നാല്പത്തഞ്ചുകാരന്റെതാ, അല്ലെ?.
. അപ്പഴും അപ്പു എന്റെ കുംഭയില്‍ ഇരുന്നു ഇത് കേള്‍ക്കുകയാണ്.
‘’അല്ല മാമേ എനിക്കൊരു സംശയം’’ ...
‘’എന്താ അപ്പൂ’’.....
‘’മാമക്ക് 26 പക്ഷെ 45 തോന്നുന്നു. പക്ഷെ നിഷമ്മായീടെ വയര് നോക്ക്യേ. 20 വയസാണ് എങ്കിലും എന്തൊരു വയറാ. ശരിക്കും ഒരു കുപ്പി ലവണ തൈലം അമ്മായിക്ക് വാങ്ങിച്ചു കൊടുത്തൂടെ. ഇങ്ങനെ പിശുക്കാനാവണോ’’.

ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നിന്നു. അവനു ചെറുപ്പത്തില്‍ ബ്രഹ്മിക്ക് പകരം മുസ്ലീം പവര്‍ എക്സ്ട്രാ ആണ് കൊടുത്തതെന്ന് തോന്നുന്നു.

എനിക്കൊരു സംശയം തോന്നി. ശരിക്കും ആരാ ടിന്റു മോന്‍. .അപ്പുവോ അതോ. ഏയ്‌... ഇവന്‍ തന്നെ.....  അത്ഭുത വിളക്കിലെ പുക പോലെ എന്തോ ഒന്ന് പുറത്ത്‌ പോയി.
   ഗോവിന്ദന്‍ ചേട്ടന്റെ ടൈം നല്ല ബെസ്റ്റ്‌ ടൈം...അല്ലെ ...
ഇന്നും ഉത്തരം കിട്ടാത്ത രണ്ടു ചോദ്യമേ ഉള്ളൂ..
1, അപ്പുവിന് ഇതൊക്കെ ആര് പറഞ്ഞു കൊടുത്തു.???
2, ഉഴുന്നുവടക്ക് തുള ഇടാന്‍ കാരണം എന്ത്?????