രണ്ടു വർഷത്തോളം വെള്ളത്തീരിവീട്ടിൽ മിനിയുടെ പിന്നാലെ പൂച്ച മത്തി വറക്കുന്ന സ്മെല്ലടിച്ച് നടക്കുന്നത് പോലെ നടന്നിട്ടും നോ രക്ഷ.....
പത്താം ക്ലാസ്സിൽ പടിക്കുമ്പോഴാണു സംഭവം. ഓരോ വിഷയത്തിലും ആനമുട്ടയെക്കാളും വലിയ മുട്ടയിട്ടുകൊണ്ടിരിക്കുന്ന സമയം....എന്റൊപ്പം ട്യൂഷനു പടിക്കുന്ന പെണ്ണാണു മിനി..പട്ടുപാവാടയിൽ പൊതിഞ്ഞ ഒരു ആവറേജ് സുന്ദരി. കാണാൻ തരക്കേടില്ലാത്ത അവളുടെ പിന്നാലെ സാമാന്യം നാട്ടിലെ ചുള്ളന്മാരായ പാതിരപിള്ളി കണ്ണേട്ടനും പറങ്ങോടശാട്ടിൽ ഗിരീഷേട്ടനും കൂടി നാട്ടിലും നാലെഞ്ചെണ്ണം സ്കൂളിലും അവളുടെ പിന്നാലെ നടക്കുമ്പോൾ കശുവണ്ടി ചപ്പിയപോലെയുള്ള മണ്ടയും വാർപ്പുവീടിന്റെ സൺ സൈഡ് പോലെ പുറത്തേക്കു ഉന്തി നിൽക്കുന്ന പല്ലും ഉള്ള എന്നെ അവൾ എങ്ങി നെ ഇഷ്ടപ്പെടും.... അവൾ ലൈനാവാൻ വേണ്ടി ഭംഗി കൂട്ടാനുള്ള ശ്രമത്തിൽ വാങ്ങിയ ഫെയർ & ലവ് ലി പാക്കറ്റ് സിനിമാനടൻ കൃഷ്ണൻ കുട്ടിനായരുടെ പോലെ ആയി എന്നു മാത്രമല്ല പീച്ചി പീച്ചി എടുക്കാൻ പറ്റാതെ വെട്ടുകത്തി, ചുറ്റിക എന്നീ മാരകായുധങ്ങൾ ഉപയോഗിക്കാനുംകൂടി തുടങ്ങി.... മറ്റുള്ളവർ വെള്ളമിറക്കി പിന്നാലെ നടക്കുമ്പോൾ എനിക്കുള്ള ഗുണമെന്താണെന്നു വച്ചാൽ അവളുമായി കിന്നാരം പറഞ്ഞാണു ഞാൻ ട്യൂഷനു പോകൽ....സ്നേഹം പങ്കു വച്ചില്ലെങ്കിലും ഫ്രണ്ട്ഷിപ് അവൾ പങ്കു വച്ചിരുന്നു....മറ്റുള്ളവരോടു നുണയായി അവൾ എനിക്ക് ലൈനായി എന്നു ഞാൻ നുണയും പറഞ്ഞിരുന്നുവെ ങ്കിലും ആരും തന്നെ അത് വിശ്വസിച്ചിരുന്നില്ല... എന്റെ അമ്മയൊഴിച്ച്.....അമ്മയുടെ വിചാരം ഞാൻ അവളുമായി ലൈനാണെന്നാണെന്നും പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള മടി കൊണ്ട് അവളെ കല്യാണം കഴിക്കാനുള്ള പരിപാടിയെന്നുമാണു എന്റെ അമ്മയുടെ ഐസക് ന്യൂട്ടൻ ചിന്തകൾ....അതിന്റെ പേരിൽ എനിക്ക് കിട്ടിയ തല്ല് സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധി ബ്രിട്ടീഷുകാരുടെ തല്ല് സഹിച്ചതുപോലെ മിനിക്കു വേണ്ടി സഹിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല....അടി കിട്ടുമ്പോഴേക്കും ഞാൻ എസ്കേപ്......
അങ്ങിനെയിരിക്കെ പരീക്ഷ അടുത്തിരിക്കുന്ന സമയം.പരീക്ഷയായിട്ടും തലേ ദിവസം ആരുമറിയാതെ പോയി കണ്ട ദേശാടനം സിനിമയുടെ ഹാങ്ങ് ഓവർ മാറിയിട്ടില്ല ...ആ കുംഭമാസത്തിലെ അവസാനദിവസം ഞാൻ ട്യൂഷനായി വീട്ടിൽ നിന്നിറങ്ങാൻ നേരം അമ്മ പറഞ്ഞു..." എടാ മുടി വെട്ടുന്നുണ്ടെങ്കിൽ ഇന്നു വെട്ടണം നാളെ മുതൽ ജന്മമാസമാണു...ജന്മമാസത്തിൽ മുടി വെട്ടാൻ പാടില്ല....ദോഷമാണു.... ട്യൂഷനു പോയി സ്റ്റഡിചെയ്തൊന്നുമില്ല .... മിനിയെ നോക്കി സ്വപ്നം കണ്ടിരുന്നു ....ഞങ്ങളുടെ നടക്കാത്ത ഹണിമൂൺ, നടക്കാത്ത കല്യാണം എന്നീ കാര്യങ്ങളെ കുറിച്ചാലോചിച്ച് ട്യൂഷൻ ഒരു വിധത്തിൽ കഴിച്ചു.....മിനിയോട് അന്ന് എന്തായാലും ഒന്നു കൂടി എന്റെ ഇഷ്ടത്തെ കുറിച്ച് പറയണം എന്നു ഞാൻ തീരുമാനിച്ചിരുന്നു......സലീം കുമാർ ചിലപ്പോഴെങ്ങാനും ബിരിയാണി കൊടുത്താലോ...എന്നു പറഞ്ഞതുപോലെ...ഇനിയെങ്ങാനും ഇന്നത്തെ ദിവസം ഇഷ്ടപെട്ടാലോ...
ട്യൂഷൻ കഴിഞ്ഞു ഞാൻ പോകുമ്പോൾ ഞാനവളൊട് ചോദിച്ചു...."മിനീ....നീയെന്താ....എന്നെ മനസ്സിലാകാത്തത്....എനിക്ക് നിന്നെ അത്രക്കിഷ്ടമാ...(തിരിഞ്ഞു നിന്ന് തുപ്പലം എടുത്ത് കണ്ണിൽതേച്ചു )ഇനിയും നീയെന്റെ സ്നേഹം മനസ്സിലാക്കിയില്ലെങ്കിൽ ഞാൻ ഒരൂട്ടം ചെയ്യാൻ പൂവ്വാ....നീ പിന്നീട് ദുഃഖിക്കരുത്...."നാടകം അഭിനയിച്ച് പരിചയിച്ച എന്നെ സംബന്ധിച്ചിടത്തോളം മാക്സിമം സെന്റി വർക്ക് ഔട്ട് ഞാൻ ചെയ്യാൻ ഒരു പ്രയാസവും ഉണ്ടായില്ല.......
വായ പോളിച്ചാൽ നുണ മാത്രം പറയുന്ന എന്റെ വാക്കുണ്ടൊ അവൾ വിശ്വസിക്കുന്നു....ബൂമറാങ്ങുപോലെ ദേ...തിരിച്ചുവരുന്നത് തെറിയും അതു കൂടാതെ അവൾ എന്നോട് പറഞ്ഞു" ഒന്നു പോടാ....."
അരിച്ചാക്ക് ഏറ്റി വരുന്നവന്റെ മുതുകിൽ ഒരുകുടം വെള്ളം കൂടി വച്ചു തന്നവനെ പോലെയായി ഞാൻ......ഗുരുവായൂരിലേക്ക് ശയനപ്രദിക്ഷണം നേർന്ന പോലെ ഇതൊരിക്കലും നടക്കില്ല എന്ന കാര്യം ഞാൻ അന്ന് ഉറപ്പിച്ചു.എന്റെ ദേഷ്യമെല്ലാം ഞാൻ വീട്ടിലെ നായയായ ജിമ്മി എന്ന ചാവാളി പട്ടിയെ തല്ലി തീർത്തു. ചായകുടി കഴിഞ്ഞ് മുടി വെട്ടാൻ പോകാൻ ഒരുങ്ങുമ്പോഴാണു അമ്മ പറഞ്ഞത്....ഇന്നു ചൊവ്വാഴ്ച്ച നിന്റെ അച്ചൻ ബാർബർ ഷോപ്പ് തുറന്നിരിക്കുന്നുണ്ടൊ....എന്ന്‌ചായകുടി കഴിഞ്ഞ് മുടി വെട്ടാൻ പോകാൻ ഒരുങ്ങുമ്പോഴാണു അമ്മ പറഞ്ഞത്....ഇന്നു ചൊവ്വാഴ്ച്ച നിന്റെ അച്ചൻ ബാർബർ ഷോപ്പ് തുറന്നിരിക്കുന്നുണ്ടൊ....എന്ന്‌സംഗതി ശരിയാണല്ലോ....ഇനിയിപ്പം എന്തു ചെയ്യും ....ഒരു മാസം കൂടി നീട്ടി വളർത്തിയാൽ ജല്ലികെട്ടിലെ കാളയെ പോലുള്ള എന്റെ ഗ്ലാമർ ആകെ പോകും.....ഞാനൊരു കാര്യം ചെയ്തു....അച്ചന്റെ ഷേവിങ്ങ്ബോക്സ് എടുത്ത് അതിൽ നിന്നും കത്രിക എടുത്തു....എന്നിട്ട് ഞാൻ തന്നെ മുറിയടച്ച് കണ്ണാടി നോക്കി എന്റെ കാർക്കൂന്തൽ വെട്ടാൻ തുടങ്ങി....വെട്ടി വെട്ടി...അതിൽ ഒരു ഹരം കിട്ടി തുടങ്ങി....പണ്ട് എതോ ഒരു കഥയിൽ അപ്പം കഷ്ണത്തിനു വേണ്ടി തല്ലു കൂടിയ കുരങ്ങന്മാരിൽ നിന്നു അപ്പം രണ്ടു കഷ്ണമാക്കി ഒന്നിനു വലുപ്പം കൂടി മറ്റതിനു വലുപ്പം കുറഞ്ഞെന്നും പറഞ്ഞ് ആ അപ്പം മുഴുവൻ തിന്ന കുറുക്കന്റെ പോലെ, ഒരു ഭാഗം ക്രിതാവ് ശരിയാകുമ്പോൾ മറുഭാഗം ശരിയാവുന്നില്ല....വെട്ടി വെട്ടി ഒന്നു ഞാൻ മുടി ചീന്തി നോക്കി.....ഞാൻ മെല്ലെ മുറി വൃത്തിയാക്കി പുറത്തിറങ്ങി.....എന്നെ കണ്ടതും ചെറിയമ്മ ചിരി തുടങ്ങി....ഞാൻ ഓടി പോയി ഒന്നു കൂടി കണ്ണാടിയിൽ നോക്കിയപ്പോൾ ആകെ പാറ്റ നക്കിയതുപോലെ അവിടെയും ഇവിടെയും ഒന്നും മുടിയില്ലാ.... ഒന്നും ആലോചിച്ചില്ല...വേഗം പോയി കുളിച്ചു...ഈശ്വരാ ആകെ വൃത്തികേടായിരിക്കുന്നു....നാളത്തെ പരീക്ഷ..അല്ലെങ്കിലേ മിനി നോക്കുന്നില്ല അതിന്റെ കൂടെ ഈ നിലക്കുകൂടിയായാൽ ഞാൻ ആകെ കൺഫുഷനിലായി ....കാലത്ത് നേരത്തെ എണീറ്റ് പരീക്ഷക്ക് പടിക്കാൻ എനിക്ക് പറ്റുന്നില്ല....ഞാൻ വേഗം ബാർബർ ഷോപ്പിലേക്ക് ഓടി .... ജന്മമാസത്തിലെ ഒന്നാംതീയതി തന്നെ മുടിവെട്ടുന്നതു മോശമല്ലേ.....കുറച്ചു ഐശ്വര്യം കുറഞ്ഞാലും വേണ്ടില്ല ഇതിനെക്കാൾ ഭേദമല്ലേ അത്.....
ബാർബർഷോപ്പിലെ ചേട്ടൻ എന്നോട് ചോദിച്ചു"എങ്ങി നെ വെട്ടണം....."
എങ്ങി നെ വെട്ടിയാലും മുടി ഒപ്പമാകണം....
""ശരി" എന്നു പറഞ്ഞു ആൾ മുടിവെട്ടുമ്പോൾ എന്നോടു ചോദിച്ചു"എന്തു കൊണ്ടാ താൻ വെട്ടിയത് , വെട്ടുകത്തി കൊണ്ടൊ?....ഞാനാകെ ചമ്മിപോയി....രാത്രി ഉറങ്ങാത്തതിന്റെ ക്ഷീണത്തിൽ ഒന്നുറങ്ങിപോകുകയും ചെയ്തു...മുടിവെട്ടി കഴിഞ്ഞപ്പോൾ ഞാനാകെ ഞെട്ടിപോയി....മൊട്ടയടിച്ചിരിക്കുന്നു....."ഇതെന്താ ഇങ്ങിനെ ചെയ്തത് ..."ഞാൻ ചോദിച്ചു...
"എല്ലാം ഒപ്പമാകണമെങ്കിൽ ഇതു തന്നെ വഴി....."അയാൾ എന്നോടു പറഞ്ഞു.....ഞാൻ കാശും കൊടുത്ത് കുളിച്ച് സ്കൂളിലേക്ക് പോയി....അവിടെ ചെന്ന എന്തു പറയും എല്ലവരോടും എന്നായി ചിന്ത....ഈശ്വരാ...ഒരു ഐഡിയയും വരുന്നില്ല......ഓരൊരുത്തരായി വന്ന് ചോദിക്കാൻ തുടങ്ങി.....അതിനിടക്ക് ആരോ പറയുന്നു..."അവൻ സന്യാസിയകാൻ പോകുകയാണെന്നും അവന്റെ അച്ചനമ്മമാർ ദേശാടനം സിനിമയിലെന്നപോലെ ആശ്രമജീവിതം നയിക്കാൻ ഇവനെകൊണ്ടു നേർന്നിട്ടുണ്ടെന്നും.....
വീട്ടിലെത്തിയപ്പോൾ അമ്മ എന്നെ കണ്ടതും തെങ്ങിന്റെ മടക്കിണത്തണ്ടെടുത്തത് ഞാൻ പരീക്ഷക്കാണു എന്നു പറഞ്ഞു വല്ല തിരുപ്പതിക്കൊ പഴനിക്കോ പോയതാണെന്നോ അതോ കന്നിമൂലഗണപതിക്കു ഉടക്കാൻ വച്ച തേങ്ങപോലുള്ള എന്റെ മണ്ട കണ്ടിട്ടാണോ എന്നതും ഞാൻ പറയേണ്ട കാര്യമില്ലല്ലോ....
അങ്ങിനെ ഞാൻ നാണകേടു കൊണ്ട് ആരുടെ അടുത്തും അധികം സം സാരിക്കാതെയായി...എന്താടാ ഇങ്ങിനെ എന്നു ചോദിച്ചവരോടൊക്കെ ഞാൻ സ്കൂളിലടിച്ച ഡയലോഗ് തന്നെ പറഞ്ഞു....." ഞാൻ സന്യസിക്കാൻ പോകുകയാ..."ട്യൂഷൻ കഴിഞ്ഞപ്പോൾ മൊട്ടയടിച്ച്ചതിന്റെ ചമ്മലും ഇന്നലത്തെ ചമ്മലും കാരണം മിനിയുടെ മുഖത്ത് ഞാൻ നോക്കിയില്ല ....ഞാൻ എന്റെ മൊട്ട ഹീറോ സൈക്കിളിന്റെ ഡൈനാമോ പൊതിയുന്നതുപോലെ ഒരു മഞ്ഞ തുണി കൊണ്ടു പൊതിഞ്ഞ് വേഗത്തിൽ നടന്നു....പിന്നിൽ നിന്നും ഒരു വിളി....പിന്നീടുള്ള സംഭാഷണം ഇങ്ങനെ.....
"ഒന്നു നിന്നേയ്......."
എന്താ....
ഞാനൊരു കാര്യം കേട്ടു സത്യാണോ....
എന്താ....നീ സന്യാസിക്കാൻ പൂവ്വാ.....
അതെ ...
അതെന്താ അങ്ങിനെ....
ഞാൻ എങ്ങി നെയായാൽ നിനക്കെന്താ....നിനക്കെന്നെ ഇഷ്ടമല്ലല്ലോ...
ഞാൻ ഇഷ്ടപെടാത്ത കാരണമാണൊ...നീ സന്യസിക്കാൻ പോകുന്നത് ....
അതെ ....
നീ ഒരൂട്ടം ചെയ്യും എന്നു പറഞ്ഞപ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല്യാ....എന്നു പറഞ്ഞതും അവൾ ഏങ്ങി ഏങ്ങി നിന്നു കരഞ്ഞു.....എനിക്കാകെ പേടിയായി....
നീ പേടിക്കണ്ട ...നിനക്ക് ഒരിക്കലും ശല്യമായി ഞാൻ വരില്ല....ഞാൻ പറഞ്ഞു.അവൾ കരച്ചിന്റെ വോള്യം കൂട്ടി....
"എനിക്കു നിന്നെ ഇഷ്ടമാ.... ഒരുപാട് ഇഷ്ടമാണു.....ആരെക്കാളും ഇഷ്ടമാണു....എന്നെ വിഷമിച്ച് നീ പോകരുത്......
"സത്യമായിട്ടും" ഞാൻ ചോദിച്ചു....
"അമ്മയാണെ സത്യം ........."അവൾ വിതുമ്പുന്ന ചുണ്ടുകളാൽ മന്ത്രിച്ചു....
പിന്നീട് ഞങ്ങൾ എല്ലാ ദിവസവും ഒരുമിച്ച് എന്റെ ഇല്ലിപടിക്ക് പകരം വക്കാവുന്ന ലുട്ടാപ്പിക്ക് കുന്തമെന്നതു പോലെയുള്ള എന്റെ വാഹനമായ പാട്ട സൈക്കിളിൽ ആയിരുന്നു ഞങ്ങളുടെ പ്രണയ യാത്ര....ഗിരീഷെട്ടനും കണ്ണേട്ടനുമൊക്കെ കാക്കതൂറി കേടുവരുത്തിയ സർവെ കല്ലിൽ ഇരുന്ന് പിന്നീട് ഇവളുടെ വായയിൽ നോക്കുന്ന സമയത്ത് ഹാൻഡിലിൽ നിന്ന് കൈ വിട്ടു അവളെയും കൊണ്ട് സൈക്കിളിൽ പോകുമ്പോൾ വേൾഡ് കപ്പ് നേടിയ ക്രിക്കറ്റ് ടീം കാപ്റ്റനെപോലെയായിരുന്നു ഞാൻ.....ചന്ദ്രനിൽ കാലുകുത്തിയ സമയം നീൽ ആംസ്ട്രോങ്ങിന്റെ സന്തോഷം പോലെ എനിക്കെന്തു ചെയ്യണമെന്നറിയാതെ...ഞാൻ പകച്ചു നിന്നു....
കൗമാരത്തിന്റെ തിളപ്പിൽ നിന്ന് യവ്വനത്തിലേക്ക് കടന്ന് പ്രവാസത്തിന്റെ തീചൂടിൽ കിടന്ന ഒരവധികാലത്ത് 9 കൊല്ലങ്ങൾക്ക് ശേഷം ഹിപ്പി മുടിക്കാരന്റെ കൂടെ ചെറിയ ഒരു കൊച്ചിനെയും കൊണ്ട് അവൾ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.......എരിഞ്ഞടങ്ങിയ ഒരു പഴയ പ്രണയത്തിന്റെ നീറ്റൽ.......
കയ്യിലുണ്ടായിരുന്ന ഒരു ചോക്ലേറ്റ് അവളുടെ കുട്ടിക്ക് കൊടുക്കുമ്പോൾ "ഒരു വടക്കൻ വീരഗാഥ" യിലെ ഒരു ഡയലോഗ് മാത്രമേ മനസ്സിൽ എന്റെ മനസ്സിൽ വന്നുള്ളൂ...എന്താണെന്നോ....
"എനിക്കു പിറക്കാതെ പോയ മകനല്ലോ ഉണ്ണീ...നീ......"
നാട്ടുകാരാ.. നല്ല രസികൻ പ്രേമ കഥ..
ReplyDeleteഇങ്ങിനെ എത്രയെത്ര പിറക്കാതെ പോയ ഉണ്ണികൾ :)
നന്നായിട്ടുണ്ട് എഴുത്ത്.
ഓ.ടോ:
ഈ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നില്ലേ ? കമന്റുകളൊന്നും കാണുന്നില്ല !
nalla thamaasa katha .
ReplyDelete