ഓരോരുത്തർ ഓരോ കുഴിയിൽ ചാടുന്നത് അറിയാതെയാണെങ്കിലും ഞാൻ കല്യാണം എന്ന കുഴി ആപത്താണെന്നും അതിൽ ഒരിക്കലും ചാടില്ല എന്ന ചിറ്റിലമ്പാറ കറണ്ട് ബാലേട്ടന്റെ ആദർശങ്ങളുമായി ദുബായിൽ ഒരു മുതലാളിയേയും പറ്റിച്ചു നടക്കുന്ന കാലത്ത് ആ കുഴിയിലേക്ക് ചാടിയ ചാട്ടം ഇതുവരെ പ്രശ്നമൊന്നുമില്ലെങ്കിലും ആ പ്രശ്നകഥ ചെറുതായൊന്നു വിവരിക്കാം .....
മാർച്ച് 23 - 2008, അതെ അന്നാണു എന്റെ സ്വന്തം ചേട്ടൻ കടം മൂത്ത് ബഹറിനിലേക്കു മുങ്ങാംകുഴിയിട്ട് പുതുപണക്കാരനായി തിരിച്ചു വന്ന് സാമാന്യം തരക്കേടല്ലാത്ത ഒരു കുട്ടിയുമായി കല്യാണം തീരുമാനിച്ച ദിവസം ....അതെ അന്നവർ കല്യാണം നിശ്ച്ചയിച്ചതു ഏപ്രിൽ 7 നു.......ഞാനും 5 ദിവസത്തെ ലീവു കിട്ടിയപ്പോൾ കല്യാണം കൂടാൻ ദുബായിൽ നിന്നും പോയി....വാഴ നനക്കുമ്പോൾ ചീര കൂടി നനയുക എന്നു പറയുന്നതുപോലെ കല്യാണത്തിന്റെ കൂടെ ഇതു വരെ കണ്ടിട്ടില്ലാത്ത മൊബയിൽ വഴി പരിചയപെട്ട 2 പ്രണയിനികളെ കാണുക എന്ന മഹത്തരമായ ഗൂഡോദ്ദേശവും ഇല്ലാതില്ല..... 5 ദിവസത്തെ ലീവിനു ദുബായിൽ നിന്നു വന്ന കാരണം നാട്ടിലൊക്കെ നല്ല വെയിറ്റായിരുന്നു എനിക്ക്...പാവങ്ങൾ....... സാമ്പത്തിക മാന്ദ്യം ബാധിച്ചു കൊണ്ടിരിക്കുന്ന കമ്പനി 5 ദിവസത്തേക്കെങ്കിൽ 5 ദിവസം ഒരാൾ പോയാൽ അത്രയെങ്കിലും ആയില്ലേ എന്നു മനസ്സു നൊന്ത് കരയുന്ന കാര്യമൊന്നും പാവം നാട്ടുകാർക്കറിയില്ലല്ലോ?നമ്മുടെ ചുറ്റികളികളെങ്ങാനും വീട്ടിൽ അറിഞ്ഞാൽ അരക്കിലോ ഉണക്കലരികൊണ്ടു ചോറുവച്ച് നാക്കിലയും ഇഞ്ചികറിയും കറുകപുല്ലുമായി എന്നെ ഇരിക്കപിണ്ടം വക്കും എന്നുള്ള കാര്യം എനിക്കു നല്ല ബോധ്യം ഉള്ളതു കൊണ്ട് പരമാവധി നല്ല കുട്ടി ആകുക എന്നു ഞാൻ തീരുമാനിച്ചു
എന്തായാലും പിറ്റേന്ന് അതായത് കല്യാണത്തിന്റെ അന്ന് ഞാൻ ഓൾ റൗണ്ടറായിനിന്ന് ഷൈൻ ചെയ്യുന്ന സമയത്ത് എന്റെ ചെറിയമ്മയുടെ ചേട്ടനും ഭാര്യയും മകളും വരുന്നു.....ആദ്യം കണ്ട മാത്രയിൽ തന്നെ കണ്ണുകൾ തമ്മിലുടക്കിയോ എന്നൊരു സംശയം....ഞാനപ്പോൾ ഐഡിയ സ്റ്റാർ സിങ്ങറിൽ പാടാൻ നിൽക്കുകയാണെങ്കിൽ ശരത് പറയുന്നതു പോലെ എന്റെ സം ഗതിയെല്ലാം പോയി എന്നു തന്നെ പറയാം.....ധൈര്യം സംഭരിച്ച് സാധാരണ പിള്ളാരോട് ചോദിക്കുന്ന ഒരു ചോദ്യം ഞാൻ ചോദിച്ചു...." നീയങ്ങു വലുതായല്ലോടീ....ചെറുപ്പത്തിൽ ഷിമ്മീസ് ഇട്ട് ഓടി നടന്നിരുന്ന പെണ്ണാ...ഇപ്പോ കണ്ടാൽ തിരിച്ചറിയാതായിരിക്കുന്നു....."നാണം കൊണ്ടോ ചമ്മിയതു കൊണ്ടോ എന്തോ അവൾ ഒരു മധുര പുഞ്ചിരി നൽകി.....വിശേഷങ്ങൾ പറഞ്ഞു വീട്ടിനുള്ളിലേക്ക് പോയി...ചിക്കൻ കറിയെക്കാൾ വലുത് ചക്കകുരുവും താളും തണ്ടും പപ്പായയും ആണെന്നു നമ്മൾ പ്രവാസിയായാലാണു മനസ്സിലാകുക എന്നു പറഞ്ഞതു പോലെ പെണ്ണുങ്ങളെ ഒന്നു കളിപ്പിച്ചു ഒരു താൽകാലിക സുഖതിനു പരി പ്രണയത്തിനു അതിനേക്കാൾ വലിയ അർത്ഥതലങ്ങളും ഉണ്ടെന്നത് ആ സമാഗമനത്തിനു ശേഷം എനിക്കു മനസ്സിലായി....
അങ്ങിനെ കല്യണം കഴിഞ്ഞു.....പക്ഷെ ഞാൻ ആഡിറ്റോറിയത്തിലെ തിരക്കിൽ പെട്ട് നട്ടം കറങ്ങുമ്പോഴും മനസിൽ നിറയെ അവളായിരുന്നു....ഇടക്കിടെ ഞാൻ ഇടം കണ്ണിട്ട് നോക്കുമ്പോൾ അവൾ എന്നെ ആ ആൾകൂട്ടത്തിൽ നിന്നും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി.....ഭക്ഷണം കഴിഞ്ഞു കൈ കഴുകുമ്പോൾ ഞാൻ എന്റെ തനി സ്വഭാവം പുറത്തെടുത്തു....
"എനിക്ക് നിന്നെ ഒരു പാട് ഇഷ്ടായി...."
അവൾക്കത് മുന്നേ മനസ്സിലായി എന്നർത്ഥം വരുന്ന ഒരു പുഞ്ചിരി എനിക്ക് നൽകി......"ആണുങ്ങൾ കല്യാണമാലോചന വീട്ടിൽ വച്ചല്ലേ നടത്തുക .. ആഡിറ്റോറിയത്തിൽ കല്യാണമല്ലേ നടത്തുക"സത്യത്തിൽ ഞാനാകെ ചൂളിപോയി....
ഇത്രയും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ആദ്യമായിട്ടായിരുന്നു.....കൂടുതൽ സം സാരിക്കാൻ ധൈര്യമില്ലാത്ത ഞാൻ പിന്നെ കാണാം എന്നു പറഞ്ഞ് ഞാൻ മെല്ലെ എസ്കേപ്പായി....അപ്പോഴാണു എന്റെ കൂട്ടുകാരൻ കണ്ണനു വേണ്ടി അലോചിക്കാൻ അവന്റെ അച്ചനും അമ്മയും അടുത്ത ബന്ധുകാരുമെല്ലാം ഇവളുടെ പേരു നിർദ്ദേശിച്ചത്രേ....ശ്ശേ.....ആകെ ചമ്മലായി....ഇനി അവളെയെങ്ങാനും അവൻ കെട്ടിയാൽ ആകെ ചമ്മിപോകില്ലേ...അവരുടെ ജീവിതത്തിൽ ഞാൻ എന്നും പറഞ്ഞു ചിരിക്കാൻ പാകത്തിലുള്ള കോമാളിയാകില്ലേ?എന്തായാലും അവർ ഈ വിവരം എന്റെ വല്യമ്മയുടെ മകൾ സുധചേച്ചിയോട് പറഞ്ഞു......സുധചേചി എന്നോട് ഇതേ കുറിച്ച് സം സാരിച്ചു....
സുധചേച്ചിയാണു എന്നോട് അവളെ നിനക്ക് ആലോചിച്ചു കൂടേടാ...എന്നു ചോദിച്ചതു.....
ഹേയ് എനിക്ക് ഒരു പ്രായമാവണ്ടെ ...കല്യാണമോ എനിക്കൊ? ഇപ്പോഴും സച്ചിനും, നാട്ടിലുള്ള കൂട്ടുകാരോടൊത്ത ചുറ്റിയടിയും ഗുരുവായൂരെ മഞ്ചാടി ഉരുളിയിലെ മഞ്ചാടികളുടെയത്ര പെണ്ണുങ്ങളും മനസ്സിലുള്ള ഈ 23 വയസ്സിൽ.... നോ..നോ...അൺ സഹിക്കെബിൾ.......
ഞാൻ വീട്ടിൽ പോയി കണ്ണന്റെ കല്യാണക്കാര്യം പറഞ്ഞു....അപ്പോൾ അമ്മ പറഞ്ഞു.."കണ്ണനു കൊടുക്കുമെന്നു തോന്നുന്നില്ല, ഇപ്പോളൊന്നും കഴിക്കണ്ട...2 കൊല്ലം കഴിഞ്ഞു നിനക്ക് അലോചിച്ചുകൊടേടാ അവളെ....എന്തായാലും നീ ഒരു അക്കൗണ്ടന്റല്ലേ? എന്ന സുധചേച്ചിയുടെ അതെ ഡയലോഗ്..."ഒരാഴ്ച്ച മുൻപ് ഏതോ മിശ്രവിവാഹത്തിൽ എന്റെ കൂടെ ഒരു മുസ്ലീം കുട്ടി ഇരിക്കുന്നത് സ്വപ്നം കണ്ടതിന്റെ വെളിച്ചത്തിൽ ആണത്രെ അമ്മ ഇങ്ങനെ പറഞ്ഞത് എന്ന് പിന്നീട് ഞാൻ അറിഞ്ഞു..... നെഞ്ചിലെ ആകെയുള്ള നാലഞ്ചു രോമങ്ങൾ പുഞ്ചപ്പാടത്തെ നെല്ലു പോലെ ഏണീറ്റു നിന്നു....ജാതകത്തിലെ എല്ലാഗ്രഹങ്ങളും എനിക്കനുകൂലമായി നിന്നോ എന്നെനിക്കു തോന്നി....അന്നു തന്നെ അവരെ വിളിച്ച് കല്യാണത്തെ കുറിച്ച് ആലോചിച്ചപ്പോൾ അവർക്കു സമ്മതം ...പക്ഷെ പിറ്റെന്ന് ഞാൻ തിരിച്ച് ദുബായിലേക്ക് പോകുകയാണു...പിന്നെ ദുബായിലെത്തി പഴയ കേസുകെട്ടുകളായ പെണ്ണുങ്ങളെയെല്ലാം ഒഴിവാക്കി എന്റെ പെണ്ണുമായി ഫോൺ വിളി തുടങ്ങി....അതിനിടക്ക് ഒന്നു നാട്ടിൽ പോയി എൻ ഗേജ്‌മന്റ് കഴിച്ചിട്ടിപ്പോൾ 1 വർഷമായി, ഇപ്പൊഴും ഞങ്ങൾ പരസ്പരം എൻ ഗേജ്‌മന്റ് കഴിഞ്ഞതു പോലെ അല്ല, പരസ്പരം പ്രണയിക്കുന്ന കമിതാക്കളെ ജീവിതം ആസ്വദിക്കുകയാണു..... കാത്തിരിക്കുകയാണു.... പ്രണയത്തിന്റെ ആ അനുഭൂതി അനുഭവിക്കുകയാണു രണ്ടു പേർക്കും പക്വതയാകുന്നതു വരെ.... ("എന്നെങ്കിലും പക്വത വന്ന് ജീവിതം പടിച്ച് കല്യാണം കഴിക്കാൻ സാധിക്കുമോ സുഹ്രുത്തുക്കളെ...വിനോദയാത്ര സിനിമ 5 പ്രാവശ്യവും കണ്ടൂട്ടൊ" എന്നിട്ടും എന്റെ ഈ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല)
ഇപ്പോഴും എന്റെ പരിചയക്കാരെല്ലാം തിളക്കം സിനിമയിൽ കെ പി എ സി ലളിത ഹരിശ്രീ അശോകനോട് ചോദിച്ചതുപോലെ ചോദിക്കാറുണ്ട് ... എന്താണെന്നോ...."അങ്ങിനെ ഉണ്ണീ നിനക്കും പെണ്ണുകിട്ടി അല്ലേ...."ന്ന്
0 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:
Post a Comment