രോഹിണി.....അതെ അതാണു പേരു്....
നല്ല ഒതുക്കത്തോടെ വരുന്നതു കണ്ടാൽ പച്ചക്കറി എടുത്തു കൊടുക്കുന്ന അയ്യപ്പനും വായിൽ വരുന്ന പാട്ടുപാടുന്ന കോരമാമനും പാട്ട് നിർത്തി അങ്ങോട്ടേക്കൊന്നു നോക്കും ....അത്രക്കു രസകരമാണു ആ ആടി ഉലഞ്ഞുള്ള വരവ്......
ആരും തെറ്റിദ്ധരിക്കണ്ട, അത് പെൺകുട്ടിയല്ല...എന്റെ നാട്ടിൽ ഓടുന്ന ബസ്സാണു രോഹിണി...എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ടു തഴമ്പിച്ച പേരു....ഞാൻ എന്നും സ്കൂളിൽ പോയിരുന്നത് ഈ ബസ്സിലായിരുന്നു...പതിനഞ്ചു മിനുട്ടിനു മുൻപു തിരക്കില്ലാത്ത അടിപൊളി ബസ്സ് ഉണ്ടെങ്കിൽ കൂടി എല്ലാവരും തൂങ്ങി പിടിച്ച് ഇതിലേപോകൂ...അത്രക്കും ഇഷ്ടമാണു ഇവളെ തിചൂർക്കാർക്ക്....
ഒരു കാലത്ത് അവൾ നാടിന്റെ നാഴികമണിയായിരുന്നു...യഥാസമയം വരുന്ന അവളെ വിശ്വാസമായിരുന്നു എല്ലാവർക്കും.......മഴവെള്ളത്തെ വകഞ്ഞു മാറ്റി, മഴനനഞ്ഞ ഇലകളിൽ നിന്നു വെള്ളം തെറിപ്പിച്ച്, ഇടതു വശത്തേക്ക് കനം തൂങ്ങി ആ ഇറക്കമിറങ്ങി വരുമ്പോൾ അറിയാതെ അവനവന്റെ കയ്യുകൾ ബാഗിൽ ഒന്നു പിടിമുറുക്കും....കുഞ്ഞുമോയിതീനും കൃഷ്ണൻ കുട്ടിയേട്ടനും പലചരക്കും പച്ചകറിയും കൊണ്ടുവരുന്നതുപോലും ആ 9.30 ന്റെ ട്രിപ്പിൽ ആയിരുന്നു....ഞങ്ങൾ കുട്ടികളുടെ അന്നത്തെ ഇഷ്ടതോഴിയായിരുന്നു രോഹിണി എന്ന ബസ്സ്...
പിന്നീടു പലതവണ പല മുതലാളികൾ ഈ വണ്ടി വാങ്ങി പല പേരുകളും വന്നപ്പോഴും, തിചൂരുകാർക്ക് അതെന്നും അവരുടെ പ്രിയപ്പെട്ട രോഹിണിയായിരുന്നു...അന്നേവരെ പ്രണയിക്കാത്ത ഞങ്ങളുടെ നാട്ടിലെ എല്ലാവരും ആദ്യമായി സ്നേഹിച്ചതു രോഹിണിയെ ആയിരുന്നു...
തിരുവാതിരയിലെ നിലാവ് എന്നപോലെ,ശാന്തമായി ഒഴുകുന്ന നദിയെപോലെ....അവളെ സ്നേഹിക്കാത്ത നാട്ടുകാർ ഉണ്ടാവില്ലാ...
ഞാൻ കഴിഞ്ഞ ലീവിനു നാട്ടിൽ വന്നപ്പോൾ ഏതോ ഒരു പ്രഭാതത്തിൽ എന്റെ അമ്മയോട് രോഹിണി പോയി ...കഞ്ഞി പാകമായില്ലേ വിശക്കുന്നു...എന്നു ഓർമ്മ നഷ്ടപ്പെട്ട എന്റെ മുത്തശ്ശി(അച്ചന്റെ അമ്മ)പറഞ്ഞപ്പോൾ സത്യത്തിൽ എനിക്കെന്തോപോലെ തോന്നി.... പഴയകാലത്തെ ഓർമ്മയിലെങ്ങോ മനസ്സിൽ തടഞ്ഞ രോഹിണി മായാതെ മനസ്സിൽ നിൽക്കണമെങ്കിൽ രോഹിണിയുടെ സ്വധീനം എത്രത്തോളം ഉണ്ടെന്ന് നമ്മുക്കു മനസ്സിലാക്കാം.
പല പലപ്രണയങ്ങൾക്കും മൂകസാക്ഷിയായ.....പല പല കലാപങ്ങൾക്കും മധ്യസ്ഥം വഹിച്ച അതേ രോഹിണി.....കർക്കിടകത്തിലെ മഴയിൽ...എന്റെ എണ്ണതേച്ച് പതിച്ച് വച്ചിരിക്കുന്ന മുടിയിലേക്ക് ചോരുന്ന ബസ്സിന്റെ മുകളിൽ നിന്ന് ഒരു ജലകണം വീഴുമ്പോൾ അല്ലെങ്കിൽ അതിനെ കുറിച്ചൊന്ന് ആലോചിക്കുമ്പോൾ ഒരു രോമാഞ്ചം പോലെ എന്തോ ഒരു നോസ്റ്റാൾജിയ....സ്കൂൾ കാലം കഴിഞ്ഞ പലരും ഞാനടക്കം രോഹിണി പോയതിനു ശേഷം മാത്രമേ...തിരിച്ച് വീട്ടിലേക്ക് പോയിരുന്നുള്ളൂ.....
പണ്ടെന്നോ അവൾ പോയിരുന്നതും രോഹിണിയിൽ ആയിരുന്നെന്ന് പലരും ഇന്നും പറയുമ്പോൾ അവരെ സംബന്ധിചിടത്തോളം പഴയകാമുകിയെപോലെ രോഹിണിയേയും സ്മരിക്കുന്നു എന്നതാണു വേറെ വിഷയം...കൗമാരത്തിന്റെ ഒരേടിൽ എന്റെ കാമുകിയും ബസ്സിൽ കയറുന്നതിനു മുൻപ് ഞാൻ പോയി വരാം എന്ന് തല കൊണ്ട് കാണിക്കുമ്പോൾ അവളെ സമ്പൂർണമായും വിശ്വസിച്ച് ഏൽപ്പിക്കുന്നത് രോഹിണിയുടെ കയ്യിലായിരുന്നു....
രാവിലത്തെ ട്രിപ്പ് രോഹിണിക്കൊരു ചന്ദനഗന്ധമാണെങ്കിൽ 9.30 നു അവൾക്കൊരു മുല്ലപ്പൂവിന്റെയും ചെമ്പകപ്പൂവിന്റേയും ഗന്ധമായിരുന്നു... വൈകുന്നേരത്ത് വിയർപ്പിന്റെയും കപ്പലണ്ടിയുടേയും ഗന്ധം ആണെങ്കിൽ രാത്രി അവൾക്ക് മദ്യത്തിന്റെ ഗന്ധമായിരുന്നു.....അവൾ എത്ര എത്ര സിനിമാകഥകൾ കേട്ടിരിക്കുന്നു...എത്ര പ്രണയകഥകൾ കേട്ടിരിക്കുന്നു...എത്ര പാട്ടുകൾ എത്ര ആളുകളെ അവൾ അവളിലേക്ക് വരുത്തിയിരിക്കുന്നു.... ബസ്സിൽ കയറുന്ന സ്കൂൾ കുട്ടികളുടെ കയ്യിലെ ചില്ലറകിലുക്കം കേട്ടാൽ അത് അവളുടെ പാദസ്വരത്തിന്റെ കിലുക്കമാണെന്നു തോന്നുന്ന ഒരു ശബ്ദമനോഹാരിത.....
ഓണത്തിനും വിഷുവിനും എല്ലാം കുലവാഴയും കെട്ടി തൂക്കി, ചന്ദനക്കുറിയും അണിഞ്ഞ് അവളും ഞങ്ങളോടൊപ്പം ആഖോഷത്തിൽ പങ്കെടുത്തിരുന്നു....മുറുക്കി തുപ്പി പ്രശ്നമുണ്ടാക്കുന്ന വല്യപ്പൻ മാരും, പുതുക്കം മാറാതെ ബസ്സിൽ സ്വന്തം കൈ കൊണ്ട് സംരക്ഷണം കൊടുത്ത് ചേർന്നിരിക്കുന്ന നവദമ്പതിമാരും, വാർക്കപണിക്കു പോകുന്ന പാവങ്ങളും, ആശുപത്രികളിലേക്ക് അസുഖം മാറ്റാൻ പോകുന്നവരും കയറിപതം വന്ന രോഹിണി.... എന്തിനു പറയുന്നു എട്ടമാറ്റിലെ കഞ്ചാവു സുധാകരന്റെ ഭാര്യ പ്രസവവേദന മൂത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഒറ്റക്ക് രോഹിണിയിൽ കയറി ആശുപത്രിയിലേക്കു പോയപ്പോൾ ആശുപത്രി പടിക്കൽ എത്തിയിട്ടാണു ആ പെണ്ണു പ്രസവിച്ചതു എന്ന കഥ നാട്ടിലെല്ലാവർക്കും അറിയാം....അന്നു യാതൊരു കുഴപ്പവും ഇല്ലാതെ അവൾ ആ പെണ്ണിനെ അവിടെ ആ ആശുപത്രിയിൽ എത്തിച്ചു.........
എത്ര എത്ര വാളുകൾക്ക് (ശർദിൽ)അവളുടെ ദേഹത്ത് ഒഴുകിയിട്ടുണ്ട്....ചെറുപ്പത്തിൽ ഗുരുവായൂരിലേക്കു ഗുരുവായൂരപ്പനെ തൊഴാൻ പോകുമ്പോൾ ഞാനും വാളുവച്ചിട്ടുണ്ട്...ഷാപ്പിൽ കേറി ഫിറ്റായി എന്നോ എന്റെ അച്ചനും വച്ചിട്ടുണ്ട് അവളുടെ ദേഹത്ത് ഒരു കൊടുവാൾ......
രോഹിണി എന്ന പേരു കഴിഞ്ഞ് ഒരു എട്ട് മുതലാളിമാരെങ്കിലും കൈമാറിയിട്ടുണ്ട് അവളെ.....രോഹിണി, രവീന്ദ്ര, വിനോദ്, എം ആർ ട്രാവൽസ്,സെന്റ് മേരീസ്,കിങ്ങിണി വാവ....എന്നിങ്ങനെ പോകുന്നു ആ പേരുകൾ..
ഗുരുവായൂർ കേശവനെക്കാളും തിചൂർക്കാർക്ക് പ്രിയം അവരുടെ രോഹിണിയെയാരുന്നു.....
അതെ അവൾ നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരിയായിരുന്നു....
അവൾനാട്ടിലുള്ളവരുടെ ദേവദാസി...........
naannayitundu
ReplyDeletenallathu
ReplyDeletenallathu thanne
ReplyDelete