Nov 18, 2009

സ്വാമിയേ ശരണമയ്യപ്പാ…..

പഠിക്കേണ്ട സമയത്ത് ക്ലാസ്സിൽ സാറന്മാരെ ബുദ്ധിമുട്ടിക്കാതെ അതായത് ക്ലാസിൽ കയറാതെ സിനിമകൾ കണ്ടതിന്റെയും പെണ്ണുങ്ങളെ ലൈനടിച്ചതിന്റെയും ഫലമായി പ്രീഡിഗ്രിയിൽ റാങ്ക് ഹോൾഡർ ആകാമെന്ന ഉദ്ദേശം ഞാൻ ഉപേക്ഷിച്ച് ഒന്നു പാസ്സാകുമെന്ന പ്രതീക്ഷപോലും ഇല്ലാത്ത സമയം…. വേറൊന്നുമില്ല …ബുദ്ധിയുടെ കാര്യത്തിൽ ബി.പി,എൽ ലിസ്റ്റിന്റെ പടിപ്പുര വരെ എത്താത്ത ഞാൻ ഒരെത്തും പിടികിട്ടാതെ നടക്കുന്നതു കൊണ്ടാകാം….പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയിട്ട് പ്രീഡിഗ്രിക്ക് ജയിക്കാൻ വേണ്ട റേഷൻ മാർക്ക് പോലുലില്ലാതെ തോൽക്കുക എന്നു വച്ചാൽ ഈ എറക്കാടൻസിന് ഒരു നാണക്കേടല്ലേ…..ഒന്നും ആരോടും പറയാതെ ഗുരുവായൂരിൽ അച്ഛന്റെ ഹോട്ടലിലേക്ക് കിന്നരിപുഴയോരത്തിലെ ശ്രീനിവാസനെപോലെ ഒരു നാടു വിടൽ…..ഗുരുവായൂരപ്പന്റെ നട 3 മണിക്ക് തുറക്കുന്നതിനനുസരിച്ച് ഞങ്ങളുടെ കടയും തുറക്കാറുണ്ട് എന്ന നഗ്നസത്യം ഞാൻ മൻസ്സിലാക്കിയത് അവിടുത്തെ എന്റെ കുംഭകർണ്ണസേവക്ക് ഭംഗം വന്നപ്പോഴാണ്….എട്ട്, ഒൻപത് തുടങ്ങിയ എണ്ണൽ സംഖ്യാസമയം വരെ കിടന്നുറങ്ങാറുള്ള എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രക്രിയകൾ സൌദിഅറേബ്യായിലെ ചാട്ടവാറടിക്ക് തുല്യമായിരുന്നു……..എന്നിട്ടും ഞാൻ എല്ലാം സഹിച്ചു…മീശമാധവൻ സിനിമയിൽ പറയുന്നതുപോലെ ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോൾ അനുസരിക്കാതെ നിവർത്തിയില്ലല്ലോ……കാരണം ന്താന്ന് വച്ചാ… നാട്ടിലേക്ക് കടക്കാൻ പറ്റില്ലല്ലോ……
രാവിലത്തെ മഴയത്ത് സ്കൂളിലേക്ക് ഞങ്ങളുടെ കടയുടെ മുന്നിലൂടെ കുട്ടികൾ പോകുമ്പോൾ നെഞ്ചിന്റെ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു…..ഒരു നൊസ്റ്റാൾജിയ….. ബിസിനസ്സുകാരനാകണ്ട ….ചിന്തകൾ പെട്ടന്ന് മാറി….തോറ്റാലും പഠിക്കുക….ഒരു മൂന്നാലുകൊല്ലം കൂടി വിലസാൻ പറ്റുമല്ലോ……
“എന്റെ അയ്യപ്പസ്വാമീ……എന്നെ രക്ഷിക്കണെ……ഞാൻ അഥവാ ജയിക്കുകയാണെങ്കിൽ അഞ്ചു കൊല്ലം അടുപ്പിച്ച് ശബരിമലയിലേക്ക് വരാമേ…..”ആത്മാർത്ഥതയോട് കൂടി പ്രാർത്ഥിച്ചു…….എന്റെ ആ ഇ മയിൽ പുള്ളികാരന് അപ്പോൾ തന്നെ കിട്ടി….വേഗം തന്നെ ആക്ഷനും എടുത്തു……
റിസൾട്ട് വന്നു……
അങ്ങിനെ കാരണവന്മാർ ചെയ്ത കുരുത്തം കൊണ്ട് ഞാനും കടന്നു കൂടി…..
പുതിയ കോളേജിൽ ബികോം…..ക്ലാസ്സ് തുടങ്ങി… ആവശ്യത്തിനു പെണ്ണുങ്ങൾ ലൈനാവുകയും ചെയ്തു………കന്നിമാസംവന്നെത്തി…..വാക്കുമാറാൻപറ്റില്ലല്ലോ….ക്ഷത്രിയനല്ലേ…..മാലയിട്ടു….എല്ലാ കാമുകിമാരോടും അണ്ണൻ പോയി വന്നിട്ട് നിർത്തിവച്ച യാത്രകൾ പോകാം എന്ന് പറഞ്ഞു……..ആദ്യ ദിവസം കുഴപ്പമൊന്നും ഉണ്ടായില്ല…ചിന്തകൾ വീണ്ടും മാറി….കാമുകിമാരെ കാണുന്നതു കൊണ്ടേന്താ കുഴപ്പം എന്നായി. രണ്ടുദിവസം കൂടി കഴിഞ്ഞപ്പോൾ ലവ് ലെറ്റർ കൊടുത്താലെന്താ എന്നായി….നോക്കണേ മാലയിട്ട് കാട്ടുന്ന ഓരോ തെണ്ടിത്തരങ്ങൾ………കന്നിസ്വാമിയോട് അയ്യപ്പൻ എല്ലാം ക്ഷമിക്കും എന്ന് വിചാരിച്ച് മലക്ക് പുറപ്പെട്ടു……
ഞങ്ങൾ പുറപ്പെടുന്ന അമ്പലത്തിൽ നിന്ന് അന്ന് 25 സ്വാമിമാരോളം പോകുന്നുണ്ടായിരുന്നു….എല്ലാവരും കല്ലിനോട് വിരോധം തീർക്കാൻ എന്നു തോന്നത്തക്ക വിധം തേങ്ങ എറിഞ്ഞുടച്ച് വണ്ടിയിൽ കേറുന്നു…..തേങ്ങപെറുക്കാനായി രണ്ടു വശവും തലമുടി രണ്ടായി കോതിയതു പോലെ സാരികൊണ്ടും മുണ്ടുകൊണ്ടും തൽക്കാല ബാഗുണ്ടാക്കി ആളുകൾ നിന്നിരുന്നു….ക്യൂവിന്റെ ഏറ്റവും അവസാനം ഞാൻ കെട്ടുമേന്തി വലതുകയ്യിൽ നാളികേരവുമായി എറിയാൻ നിൽക്കുന്നു ….
എല്ലാവരും തേങ്ങ എറിഞ്ഞതിനു ശേഷം എന്റെ ഊഴമെത്തി…..ലാസ്റ്റ് ബോളിൽ ഒരു വിക്കറ്റ് ആറ് റൺസ് എന്ന കണക്കിൽ നിൽക്കുമ്പോൾ കാണികളുടെ മുഖത്തുണ്ടാകുന്ന റിയാക്ഷൻ എങ്ങിനെയായിരിക്കും അതുപോലെ ആളുകൾ എന്നെ നോക്കുന്നു….കാരണം പിന്നാമ്പുറത്തെ തെങ്ങിന്റെ 12 രൂപ വില വരുന്ന വലിയ മുഴുത്ത സിനിമാ നടി ഉണ്ണിമേരി പോലെയുള്ള ഒരു നാളികേരമല്ലെ എന്റെ കയ്യിലുള്ളത്….
ഠേ…..
തേങ്ങ പപ്പടപരിവമായെന്നും നാളെ ഇഡ്ഡലിക്കോ ദോശക്കോ ചട്ണിയാക്കാമെന്നോ അതല്ല വെയിലത്തിട്ട് ഉണക്കി കൊപ്പരയാക്കി എണ്ണയെടുത്ത് ബാലഗോപാലനെ എണ്ണതേപ്പിക്കാം എന്നു വിചാരിച്ചവർക്ക് തെറ്റി..പൂയ്…പൂയ്….
ചെറുപ്പം മുതലേ ഉന്നത്തിന്റെ കാര്യത്തിൽ വർത്തമാനകാലത്തിലെ ഏകലവ്യനെപോലെ അഗ്രഗണ്യനായ ഞാനെറിഞ്ഞ നാളികേരം നേരെ കൊണ്ട് ചെന്നത് നേരെ കരിവാന്മാരുടെ വീട്ടിലെ ശോഭചേച്ചിയുടെ നെറ്റിയിലെ മൂന്നാം കണ്ണിന്റെ മുകളിൽ…..
സ്വാമിയേ ശരണമയ്യപ്പാ….എന്നു വിളിച്ച് ഞാൻ ചെന്നു നോക്കുമ്പോൾ ശോഭചേച്ചി നെറ്റിയിൽ നിമിഷാർദ്ധം കൊണ്ട് ഉടലെടുത്ത വേട്ടകാരുടെ നെറ്റിയിലെ ഹെഡ്ലാമ്പ് പോലെ 100 വാട്ട്സിന്റെ ബൾബ് ഉഴിഞ്ഞു കൊണ്ടിരിക്കുന്നു…..മോൻ പൊയ്ക്കോ എന്ന് എല്ലാവരും എന്നോട് പറഞ്ഞു…ഞാൻ അവിടെ നിന്ന് മെല്ലെ എസ്കേപ്പായി……
തുടക്കം തന്നെ പാളി…..വണ്ടിയിൽ കയറി ….പമ്പയെത്തി….അവിടെയും തേങ്ങയെന്നെ പറ്റിച്ചു……പണ്ടെങ്ങോ എലികെണിയിൽ നിന്നു കിട്ടിയ എലിയെ വെള്ളത്തിൽ മുക്കി കൊന്നതിന്റെ ദേഷ്യം ഗണപതി അവിടെയും തീർത്തു…. ഉച്ചഭക്ഷണം കഴിഞ്ഞു മലകയറ്റം…..
കന്നിസാമിമാർക്ക് അയ്യപ്പസ്വാമി ഒരു ബുദ്ധിമുട്ടും വരുത്തില്ല എന്നു പറഞ്ഞവനെ എന്റെടുത്ത് ആ സമയം കിട്ടിയാൽ പൂമ്പാറ്റയിലെ ഡിങ്കൻ പീലുവിനെ പെരുമാറുന്നതുപോലെ പെരുമാറിയേനെ….. എന്റെ അയ്യപ്പാ…ഞാനിനി എന്റെ ജന്മത്തിൽ മാലയിട്ട് ഒരു കൂതറ പരിപാടിക്കും പോകില്ലേ… അറിഞ്ഞു വിളിച്ചു….അയ്യപ്പസ്വാമി ആ ദയാ ഹർജി പരിഗണിച്ചില്ല…. തിരിച്ച് പോയി വണ്ടിയിലിരുന്നാലോ എന്നു വരെ ചിന്തിച്ചു……അങ്ങിനെ ഒരുപാട് ചിന്തകൾ…..ഡോളി ഡോളി ..എന്നു വിളിച്ച് മഞ്ചലുമായി വരുന്ന ഒരു കൂട്ടത്തെ കണ്ടപ്പോൾ സത്യത്തിൽ കൊതി തോന്നി….അതിനടക്ക് ആ മഞ്ചലിന്റെ മുകളിരുന്ന പല്ലില്ലാത്ത ഒരു തന്തസ്വാമി എന്നെ നോക്കി ഇളിച്ചു കാട്ടി….ഒരു കല്ലെടുത്ത് ഒന്നു കിണ്ണിയാലോ എന്ന് തോന്നി….തേങ്ങയെറിഞ്ഞ കാര്യം ഓർമ്മവന്നപ്പോൾ ആ ഉദ്യമം ഉപേക്ഷിച്ചു….അല്ലെങ്കിൽ ആ തൊണ്ണന്റെ വായിൽ നിന്ന് ടൊമറ്റോസോസിന്റെ കളറിൽ ചോര വരുത്തിയേനെ……. സത്യത്തിൽ ദേഷ്യം വന്നു….. പകുതിയെത്തിയപ്പോൾ പിന്നെ കയറാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായില്ല…അതിനു വ്യക്തമായ കാരണം ഉണ്ടുതാനും…ഒരു 14 മണിക്കൂർ ക്യൂ…..എന്റമ്മെ….മെല്ലെ മെല്ലെ പിച്ചാ പിച്ചാ…വച്ച് ഒരു നടത്തം…അഥവാ ഒന്നിരുന്നാൽ അപ്പോൾ വരിയങ്ങു നീങ്ങും…..ആ സമയത്ത് വരിയുടെ നീക്കം കണ്ടാൽ ഞാൻ ഇരിക്കാൻ വേണ്ടി കാത്തു നില്ക്കുകയാണെന്നു തോന്നും…. ഈ കെട്ടും ഏന്തി പതിനാലു മണിക്കൂറും അതുപോലെ തന്നെ നടന്നു…നിവർത്തിയില്ലല്ലോ…..ഈ നിലക്ക് ക്യൂ വേണമെങ്കിൽ അറ്റ്ലീസ്റ്റ് പാസ്സ് മാർക്ക് പോര ഒരു റാങ്ക് എങ്കിലും അയ്യപ്പൻ എനിക്കു മേടിച്ചു തരേണ്ടിയിരുന്നു എന്നു തോന്നി…. അവസാനം പുലർച്ചേ 7 മണിക്ക് പതിനെട്ടാം പടി ചവിട്ടി…..ലോകം കീഴടക്കിയവന്റെ അല്ലെങ്കിൽ ചന്ദ്രനിലിറങ്ങിയവന്റെ സംത്രിപ്തിയായിരുന്നു അന്നെനിക്ക്…..
അതോടെ സംഗതിയുടെ കിടപ്പ് വശം എനിക്ക് ഏകദേശം മനസ്സിലായി….അയ്യപ്പൻ ഞാൻ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ തന്നുവെന്ന് ഉറപ്പായി….പിന്നെ മലയിറക്കം……എന്റെ അയ്യപ്പാ….കയറ്റമാണ് വിഷമമെന്ന് വിചാരിച്ചവരെ നിങ്ങൾക്ക് തെറ്റി… പൂയ്.. പൂയ്….നമ്മൾ സൂക്ഷിച്ച് ഇറങ്ങുമ്പോൾ തമിഴമാരും ആന്ധ്രക്കാരും വെട്ടാൻ കൊണ്ട് വന്ന പോത്തിനെ അഴിച്ചുവിട്ടാൽ എങ്ങിനെയായിരിക്കും വരുക …അതേപോലെ വരുന്നു……ഞാൻ വഴി മാറി കൊടുത്തു…..അതിനിടക്ക് ചരക്കും കൊണ്ട് പോയിരുന്ന കഴുതക്കൂട്ടത്തിലെ ഒരെണ്ണം ഒരു ചവിട്ട്…..ജീവൻ പോയി….ഇനി ഇതുമാതിരി കൂതറ കളിച്ച് ഈ ഭാഗത്തേക്ക് വരരുത് എന്ന ഒരു മുന്നറിയിപ്പിന്റെ ധ്വനി ഞാൻ അതിൽനിന്ന് എനിക്ക് കിട്ടി……
അങ്ങിനെ മാല ഊരി…..നാട്ടിൽ ചെന്നപ്പോൾ കാമുകിമാരെല്ലാം എന്നോട് യാത്രയെകുറിച്ച് ചോദിച്ചു….മലകയറാൻ ഒരു കുഴപ്പവും ഉണ്ടായില്ല്യാ…സുഖായിട്ട് മണികൂറുകളോളം തൊഴുതൂവെന്ന് ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയേട്ടനെപോലെ പറഞ്ഞു…അതു പറയുമ്പോഴും 14 മണിക്കൂർ ക്യൂവും കഴുതയുടെ ചവിട്ടും കാലിൽ കുത്തിയ കൽകഷ്ണങളുമായിരുന്നു എന്റെ മനസ്സിൽ…..
പിന്നെയും രണ്ട് കൊല്ലം അടുപ്പിച്ച് പോയി….ഒരു കൊല്ലം ചുക്കു പിടിച്ച് അയ്യപ്പനോട് സുല്ലിട്ടു……അത് കഴിഞ്ഞ് വീണ്ടും ഒരു കൊല്ലം കൂടി….ഇനി ഒന്നു കൂടിയുണ്ട് ബാലൻസ്….വൈകിയതിന്റെ പരിഭവം ഉണ്ടാകുമോ എന്തോ…..പെട്ടന്നു തന്നെ പോകണം…ഇപ്പോൾ പുള്ളി കാരന്റെ കയ്യിലും വിന്റോസ് 7 ആണത്രെ……ഒറ്റ ക്ലിക്കിൽ എല്ലാം പുള്ളി ഓപ്പണാക്കും……
എന്തായാലും ഈ വ്രിശ്ചിക മാസത്തിൽ എന്റെ വഹ ……സ്വാമിയേ ശരണമയ്യപ്പാ…..

11 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. അടുത്ത തേങ്ങയുടക്കലില്‍ ഉന്നം പിഴക്കാതിരിക്കട്ടെ.

    ReplyDelete
  2. സ്വാമി ശരണം. പ്രോമിസ് ചെയ്തതല്ലേ, തെറ്റിക്കണ്ട.

    ReplyDelete
  3. ഓരോ തവണ പോകുമ്പോഴും പോകാനുള്ള മടി മാറുന്ന അനുഭവമാണ് എല്ലാവര്‍‌ക്കും.

    വാക്കു തെറ്റണ്ട

    ReplyDelete
  4. orutharathil jeevitham muzhuvan oru malakayattamalle.....?!erakkaadaa...kollaam nannaayittundu!

    ReplyDelete
  5. ആശംസകള്‍!

    എല്ലാ‍ അയ്യപ്പ ഭക്തര്‍ക്കും ആശംസകള്‍!

    ReplyDelete
  6. കാര്യം കാണാന്‍ നേര്ച്ച നേര്ന്നതല്ലേ, വാക്ക് മാറരുത്

    ReplyDelete
  7. ഇപ്പോള്‍ വഴിയൊക്കെ നന്നായി പഠിച്ചോ? ഓരോ യാത്രയും ഓരോ അനുഭവമായാല്‍ ഞങ്ങള്‍ക്കു കുറെ നല്ല പോസ്റ്റുകള്‍ വായിക്കാമായിരുന്നു.

    ReplyDelete
  8. അയ്യപ്പസ്വാമി രക്ഷിക്കട്ടെ

    ReplyDelete
  9. അയ്യപ്പസ്വാമി രക്ഷിക്കട്ടെ

    ReplyDelete