Feb 13, 2010

വാലന്റൈൻ സ്പെഷ്യൽ - പൂരപ്പറമ്പിലെ അവൾ

ആലിലകൾ ചുവന്ന പട്ടുടുത്ത കോമരങ്ങളെ പോലെ ഉറഞ്ഞു തുള്ളുന്നുണ്ടാവും. ഉയരത്തിൽ നിന്ന് പൂരപറമ്പുകളിലെ എല്ലാ കാഴ്ച്ചകളും ഒരു പക്ഷെ കൊടിമരത്തോടൊപ്പം അരയാലും കാണുന്നുണ്ടായിരിക്കും. ഉത്സവത്തെ കുറിച്ച്‌ മനസ്സിന്റെ കാൻ വാസ്സിൽ ചില ചിത്രങ്ങൾ വരച്ചാൽ ആദ്യം വരുന്നത്‌ ആനപിണ്ടത്തിന്റെ സുഖമുള്ള ഒരു നാറ്റമായിരിക്കും. നാറ്റത്തെ വരക്കാൻ ബുദ്ദിമുട്ടാണെന്ന മുടന്തൻ ന്യായം അവിടെ അപ്രായോഗികമാകും. അതിനു വേണ്ടി മൂക്കിലെ ചെമ്പകരോമങ്ങൾ വകഞ്ഞു മാറികൊടുക്കും.
ഇത്തരം പൂരദിവസം മൺ പുറ്റുകളിൽ മാളങ്ങൾ തിരയുന്ന പാമ്പിനേപോലെ തന്റെ ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവൾക്കായി മിഴികളുടെ ഒരു പരതൽ പതിവായിരുന്നു. അതെ.... അവളെ ഒരു മാത്ര കണുവാൻ വേണ്ടി കൃഷ്ണമണികൾ വലത്തോട്ടും ഇടത്തോട്ടും ഊഞ്ഞാലാടാൻ തുടങ്ങും. പൂഴിമണ്ണിൽ കിടക്കുന്ന കാറിതുപ്പിയതിനുമേൽ ചവുട്ടി അവളുടെ പട്ടുപാവാടയെ തിരയും. കദനയുടെ ശബ്ദം കേൾക്കുമ്പോൾ ഒന്നു ഞെട്ടി യാഥാർത്ഥ്യത്തിലേക്ക്‌ തിരിച്ചു വരും. എത്തിയില്ലെന്നറിയുമ്പോൾ കല്ലുപതുച്ച ഇടവഴികളിലേക്ക്‌ കണ്ണുകൾ പായും. പശ്ചാത്തലത്തിൽ പഞ്ചാരിയോ പാണ്ടിയോ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടാകും. കുട്ടികളുടെകരച്ചിലുകളും പൂരകച്ചവടക്കാരുടെയും പീപ്പികളുടെയും കലപിലകളും അതിനെന്നവണ്ണം താളം പിടിക്കും. നീലവാനത്തെ പൂത്തുമ്പികൾ പോലും അവനുകൂട്ടായി ആ തിരക്കിൽ അവളെ തിരയും. ഉമിനീരിറക്കുമ്പോൾതൊണ്ടയിലെ മുഴപോലും കയറ്റിറക്കത്തിനിടയിൽ അവളുണ്ടോ എന്ന് തിരക്കിലേക്ക്‌ ഒന്നെത്തിനോക്കും.

അവളില്ലാത്ത പൂരപറമ്പ്‌ ആളുകൾ തിങ്ങിനിറഞ്ഞിട്ടും ശവപറമ്പ്‌ പോലെ ശൂന്യമായി ചിലർക്ക്‌ തോന്നി. കൂട്ടുകാർ കൈ പിടിച്ച്‌ വലിക്കുമ്പോഴും ഒരിക്കലും അവൾ വരില്ലെന്നറിയാം. എന്നിട്ടും നിഴലിനു നിറം വരുമെന്ന പോഴത്തരം ചിന്തിച്ച പലരുടെയും മനസ്സ്‌ അവൾക്ക്‌ വേണ്ടി എത്തിനോക്കി. അപ്പോഴും ആനപുറത്തിരുന്ന് വേൺചാമരം വീശുന്നയാളുടെ കക്ഷത്തിൽ നിന്ന് വരുന്ന വിയർപ്പുനാറ്റത്തെ ആന ചെവികൊണ്ട്‌ ആട്ടിപായിക്കുന്നുണ്ടാകും. തൊലി പൊളിക്കാത്ത അടക്കാ വലുപ്പമുള്ള ആനയുടെ കണ്ണിന്റെ ഏതെങ്കിലും ഒരു ഓരത്ത്‌ അവളുടെ പ്രതിബിംബം കാണുന്നുണ്ടോ എന്നു കണ്ണും കൂർപ്പിച്ച്‌ നോക്കും.

ഇര വിഴുങ്ങുന്ന പാമ്പിനെപ്പോലെ സൂര്യനെ കുന്നുകൾ വിഴുങ്ങുന്നുണ്ടാകും . വെടികെട്ടിന്റെ മായാപ്രപഞ്ചത്തിൽ ഉയർന്നുപൊട്ടിയ അമിട്ടുകുറ്റിയുടെ മിന്നലിൽ ഒരു നിമിഷം അവളുടെ രൂപം മിന്നിമറയും. പാതിസെക്കന്റിൽ അമിട്ടിന്റെ കരുണയിൽ കിട്ടിയ ആ മുഖം വീണ്ടും തിരയും. ത്രിസന്ധ്യ സമയം കേളി കൊട്ടിക്കേറുന്ന ദീപാരാധന നടയിൽ അവൾ ഹാജരുണ്ടാകും. അമ്പിളി കലപോലെ കുഞ്ഞു ചന്ദനകുറിയും തൊട്ട്‌, പച്ച പട്ടുപാവാടയും ഉടുത്ത്‌ അവൾ വരുന്നുണ്ടാകും. അമ്പലപടികളിലെത്തുമ്പോൾ മെല്ലെ കുനിയും, ഒരു കൈ മാറത്ത്‌ അമർത്തി മറുകൈ കൊണ്ട്‌ പടികൾ തൊട്ട്‌ തലയിൽ തൊടും. പിന്നിയിട്ട മുടിയപ്പോൾ പുറത്തുനിന്നും തോളിലൂടെ താഴേക്ക്‌ തൂങ്ങും. ആ സമയം തുപ്പലം പുരളാത്ത ചുണ്ടുകൾ എന്തോ മന്ത്രിക്കും. ദീപസ്തംഭത്തിനു മുന്നിൽ നിൽക്കുമ്പോൾ അവളുടെ രണ്ടു കൈപത്തികളും ഇണചേരും. അടക്കി നിർത്താൻ പറ്റാത്ത പല കണ്ണുകളും അതു കാണും. ദേവസന്നിധിയിൽ വച്ച്‌ പുണർന്ന് കിടക്കുന്ന രണ്ട്‌ കൈകളിലേയും കുപ്പിവളകൾ അപ്പോൾ കയ്യിന്റെ താഴേക്ക്‌ തളർന്ന് ഊർന്നിറങ്ങും. മുടിക്കിടയിൽ തിരുകിയ തുളസിയിലകൾ അപ്പോൾ കൊഞ്ഞനം കുത്തുന്നുണ്ടാകാം. അതും നോക്കി നമ്മൾ ചിരിക്കും. കൂട്ടിപെരുക്കൽ കഴിഞ്ഞു കേളി ഇടകാലം തുടങ്ങിയാൽ ചെണ്ടയുടെയും മദ്ദളത്തിന്റെയും നാദം പ്രണയത്തിന്റെ ഈരടികളായി മാറും. ഉണങ്ങലരി പായസം നുണയുന്ന ചോണനുറുമ്പുകൾപോലും ആ സമയം തലപൊക്കി അവളെ ഒന്നു നോക്കി വെള്ളമിറക്കും.
അവസാനം പ്രണയത്തിന്റെ വാക്കുകളെ ഗണപതിക്ക്‌ ഉടച്ചെറിഞ്ഞ്‌ ഇരുട്ടിനെ മുറിച്ചു കൊണ്ട്‌ അവൾ മറയും. കാമുകഹൃദയങ്ങൾ അപ്പോൾ ഞെട്ടിൽ നിന്നും വേർപ്പെട്ട കണ്ണിമാങ്ങയെന്നവണ്ണം വേദനിക്കും. പക്ഷെ കിനിഞ്ഞു വരുന്നത്‌ ചുണക്കു പകരം കണ്ണീരാകും എന്നു മാത്രം. രാത്രിപൂരത്തിന്റെ ശബ്ദത്തിലും അവളുടെ നാദമായിരിക്കണം അനുഭവപ്പെട്ടിരുന്നത്‌. അവളാണെന്ന വിശ്വാസത്തിൽ തലയിണയെ കെട്ടിപിടിച്ച്‌ കിടന്നപ്പോൾ തലയിണയും കണ്ണിൽചോരയില്ലാതെ ചതിച്ചു. കാരണം തലയിണ തലമുടിയുമായി അനുരാഗബദ്ധയായി അലിഞ്ഞുചേർന്നിരുന്നു. മനസ്സുകൊണ്ട്‌ കയ്യിൽ ദർഭപുല്ലണിഞ്ഞ്‌ ആ പ്രണയത്തിനു പിണ്ടമിട്ട്‌ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ഉറക്കത്തിലേക്ക്‌ മെല്ലെ ഊളിയിടും. കാഴ്ച്ചക്കപ്പുറത്തെ സുന്ദരസ്വപ്നങ്ങളിലേക്ക്‌........

33 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. പൂരപ്പറമ്പിൽ പെമ്പിള്ളേരെ വായി നോക്കാൻ വേണ്ടി മാത്രം പൂരം കാണാൻ പോകുന്ന സകല മാന പൂവാലന്മാർക്കും ഒരായിരം അഭിവാദ്യങ്ങൾ അർപ്പിച്ച്‌ കൊണ്ട്‌ ആരെങ്കിലും വരുന്നതിനു മുമ്പ്‌ ഞാനിതാ ഇത്‌ ഉദ്ഘാടിക്കുന്നു..
    ഠേ....ഠേ...
    ഒന്നല്ല..രണ്ട്‌ തേങ്ങയിരിക്കട്ടെ......

    ReplyDelete
  2. ഓണ്‍: ദേ കിടക്കുണൂ പിന്നേം നൊസ്റ്റാള്‍ജിയ. ഇവിടെ മനുഷ്യന്‍ വീടും നാടും വിട്ടു ടെന്‍ഷനടിച്ചു ഇരിക്കുമ്പോഴാ ഇങ്ങേരുടെ വക പ്രണയവും, കാറും, പൂരപ്പറമ്പും പെണ്ണുമൊക്കെ. ഓരോന്നിങ്ങനെ ഓര്‍മ്മിപ്പിച്ച് മനുഷ്യനെ ഗ്രഹാതുരത്വതില്‍ മുക്കി കൊല്ലാന്‍ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ?

    ഓഫ് : എഴുത്ത് ഇഷ്ടായി. അമ്പലത്തിലെ വര്‍ണ്ണന 'ശ്ശി' പിടിച്ചിരിക്കുണൂ. വളരെ സൂക്ഷ്മമായ നിരീക്ഷണപാടവം തന്നെ. അഭിനന്ദനങ്ങള്‍ കൂടാതെ പ്രണയദിന ആശംസകളും.

    ReplyDelete
  3. കൊഞ്ഞനം കുത്തുന്നുണ്ടാകാം. അതും നോക്കി നമ്മൾ ചിരിക്കും. കൂട്ടിപെരുക്കൽ കഴിഞ്ഞു കേളി ഇടകാലം തുടങ്ങിയാൽ ചെണ്ടയുടെയും മദ്ദളത്തിന്റെയും നാദം പ്രണയത്തിന്റെ ഈരടികളായി മാറും. ഉണങ്ങലരി പായസം നുണയുന്ന ചോണനുറുമ്പുകൾപോലും ആ സമയം തലപൊക്കി അവളെ ഒന്നു നോക്കി വെള്ളമിറക്കും.
    --high fever valentine!

    ReplyDelete
  4. അമ്പലപടികളിലെത്തുമ്പോൾ മെല്ലെ കുനിയും, ഒരു കൈ മാറത്ത്‌ അമർത്തി മറുകൈ കൊണ്ട്‌ പടികൾ തൊട്ട്‌ തലയിൽ തൊടും. പിന്നിയിട്ട മുടിയപ്പോൾ പുറത്തുനിന്നും തോളിലൂടെ താഴേക്ക്‌ തൂങ്ങും. ആ സമയം തുപ്പലം പുരളാത്ത ചുണ്ടുകൾ എന്തോ മന്ത്രിക്കും!

    എടാ കള്ളക്കാമുകാ...എന്തൊരു നല്ല നിരീക്ഷണം.അസ്സലായിട്ടുണ്ട്!അവള്‍ പോണാല്‍ പോട്ടടേ :):)

    ReplyDelete
  5. മനസ്സിലായി ... അമ്പലപ്പറമ്പില്‍ ആരുടെയു പിന്നാലെ കുറേ കറങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നു..!
    നന്നായി എഴുതി, ആശംസകള്‍

    ReplyDelete
  6. അമ്പിളി കലപോലെ കുഞ്ഞു ചന്ദനകുറിയും തൊട്ട്‌, പച്ച പട്ടുപാവാടയും ഉടുത്ത്‌...
    ഓഹ്... ഇവടുന്ന് തുടങ്ങി മനസ്സിന് ഒരു കിരുകിരുപ്പ് (പട്ടുപാവാട എന്റെ വീക്ക്നെസ്സ് ആനേ..!!)
    ഉഷാറായിട്ടുണ്ട്..!!

    ReplyDelete
  7. ആനപിന്ധതിന്റെത് സുഖമുള്ള വാസനയോ ? നല്ല അസ്സല്‍ മൂക്ക് തന്നെ !!എതായാലും എഴുതാനുള്ള വാസന വിടണ്ട.

    ReplyDelete
  8. ഒരു സ്ഥിര അമ്പലവാസിയാണല്ലേ..?
    ആശംസ്കള്‍

    ReplyDelete
  9. റ്റോംസ് പറഞ്ഞപോലെ സ്ഥിര അമ്പലവാസിയാണല്ലേ..?

    ReplyDelete
  10. നീ എന്റെന്നു മേടിക്കും... നിനക്കെന്നതാ ചങ്ങാതി... ചുമ്മാ മനസ്സില്‍ കൊടിയിറങ്ങിയ പൂരത്തെ വീണ്ടും ആനയും അമ്പാരിയുമായി എഴുന്നുള്ളിക്കാനാ നിന്‍റെ പുറപ്പാട് ( ദൈവമേ ഇവനെന്നെ കുറിചെഴുതിയതാണോ... ഏയ്‌... അതാവില്ല)

    ReplyDelete
  11. ഉത്സവപ്പറമ്പിലെ വായ്നോട്ടം സുഖമുള്ള ഏര്‍പ്പാട് തന്നെ

    ReplyDelete
  12. നല്ല വിവരണങ്ങള്‍. Good one buddy!

    ReplyDelete
  13. തണലെന്ന വായനക്കാരനെഴുതിയതേ എനിക്കും പറയുവാനുള്ളു..... കൂട്ടത്തിലിതുകൂടി 'ഇതു വായിച്ചപ്പോള് ചോറ്റാനിക്കര ഉത്സവം ഓറ്മ്മ വന്നു"

    ഏറക്കാടാ ഇജ്ജ് ഒരു സംഭവം തന്നെ

    ReplyDelete
  14. നന്നായിരിക്കുന്നു അമ്പലവിശേഷങ്ങൽ

    ReplyDelete
  15. കാമുകഹൃദയങ്ങൾ അപ്പോൾ ഞെട്ടിൽ നിന്നും വേർപ്പെട്ട കണ്ണിമാങ്ങയെന്നവണ്ണം വേദനിക്കും. പക്ഷെ കിനിഞ്ഞു വരുന്നത്‌ ചുണക്കു പകരം കണ്ണീരാകും എന്നു മാത്രം.

    നന്നാവുന്നുണ്ട്.

    ReplyDelete
  16. എറക്കാടാ...
    ഇതിന്നാലേ കണ്ട പൂരപ്പറമ്പു മുഴുവനും സര്‍ക്കീട്ടടിച്ചു നടന്നീര്‍‌ന്നത്...
    ഹമ്പട കള്ളാ.. ഇപ്പളല്ലെ കള്ളി മനസ്സിലായത്..
    ഈ വാലന്റൈന്‍ പിരാന്തിനോട് ഞമ്മക്കത്ര പിരിശം പോര..
    ന്നാലും ങ്ങളെ എഴുത്ത് ഞമ്മക്കൊത്തിരി പുടിച്ചിരിക്കണ്‌ട്ടോ പഹയാ....

    ReplyDelete
  17. ഇതൊക്കെ കണ്ടും കൊണ്ട് ശ്രീകോവിലില്‍ 
    ഇരിക്കുന്ന ദേവനോ, ദേവിയോ മനസ്സില്‍ 
    കരുതും ' ഇമ്മാതിരി എത്രയെത്ര കാമുകന്മാരെ ഞാന്‍ കണ്ടിരിക്കുന്നു. അവരെ കാണാന്‍
    വേണ്ടിയിട്ടു കൂടിയല്ലേ ഉത്സവങ്ങള്‍ നടത്തുന്നത് '.
    ഒന്നാന്തരം നിരീക്ഷണം.
    Palakkattettan.

    ReplyDelete
  18. അതൊരു കാലം...
    നന്നായെഴുതി എറക്കാടാ...!

    ReplyDelete
  19. അല്പം തിരക്കുണ്ട്‌. വീണ്ടും വരാം.

    ReplyDelete
  20. സ്പോട്ടില്‍ പോയി അനുഭവിച്ച് എഴുതിയപോലെ...ഇത് കാമുക ഹൃദയം.ആ പെണ്ണിന്റെ ചിന്തകളോ (ആ കൊരങ്ങന്‍, ഇന്ന് ഏതവളുടെ വായും നോക്കിയാണാവോ തെണ്ടുന്നത്....)

    ReplyDelete
  21. കമ്പറേ..തേങ്ങയടിച്ച്തിനു നന്ദി...
    സുമേഷ്‌ : നോസ്റ്റാൾജിയ അതൊരു സുഖമുള്ള ഫീലിങ്ങ മോനെ...

    കൈതമുള്ള്‌: പനി ഭേദായി

    വാഴക്കോടൻ : ഈ വഴിയിലൂടെ വന്നതിനു പെരുത്ത്‌ നന്ദി.

    ഖാൻ : ഇളിച്ചതാണോ കരഞ്ഞതാണൊ എന്ന് മനസ്സിലായില്ല്യാ...

    കൂതറ : ഈ വഴി വന്നതിൽ നന്ദി ഉണ്ട്‌...

    ReplyDelete
  22. തണൽ : ഓർക്കുമ്പോൾ അതൊരു സുഖമുള്ള വാസനയാണ​‍്‌...

    റാംജി :അതെന്നെ

    ഹംശ : നന്ദി

    ലക്ഷ്മിക്ക്‌ : രണ്ട്‌ നന്ദി

    രാമാ നന്ദി

    pd ഓർമ്മവന്നല്ലോ അതു മതി

    ReplyDelete
  23. നന്ദന :നന്ദി

    മുഖ്താർ : പെരുത്ത്‌ നന്ദീണ്ട്‌...

    പലക്കാട്ടേട്ടൻ: അതെ ചേട്ടാ

    ജയേട്ടാ: അതെ

    ബഷീർക്കാ : മെല്ലെ വരൂ

    അരീക്കോടൻ : പെണ്ണിന്റെ ചിന്തകൾ ഇനി ഒരു പോസ്റ്റാക്കാമെന്നേ...

    ReplyDelete
  24. ഉയരത്തിൽ നിന്ന് പൂരപറമ്പുകളിലെ എല്ലാ കാഴ്ച്ചകളും ഒരു പക്ഷെ കൊടിമരത്തോടൊപ്പം അരയാലും കാണുന്നുണ്ടായിരിക്കും.

    ഇപ്പൊ ഞാനും കണ്ടു പൂരം ഏറക്കാടാ. കൊള്ളാം ഇഷ്ട്ടമായി. പൂരം നടക്കട്ടെ. വീണ്ടും വരാം.

    ReplyDelete
  25. ഇന്നു സ്വപ്നത്തിലെങ്കിലും പൂരപ്പറമ്പും പച്ചപാ‍വാടയിട്ട് തൊഴുന്ന ഒരു പെൺകുട്ടിയേയും കണ്ടില്ലേ പ്രാക്ക് കിട്ടും മാഷേ അത്രക്ക് കൊതിപ്പിച്ചു.

    വായിച്ചതിൽ കൂടുതൽ എന്തോ പറയാൻ ഉദ്ദേശിച്ചോ ഒരു സംശയം

    ReplyDelete
  26. പച്ച പട്ടുപാവാടയിട്ട പെണ്‍കുട്ടി, ഞാന്‍ ഓര്‍മയിലേക്ക് ഊളിയിട്ടു.

    ReplyDelete
  27. ഉത്സവപറംബുകളില്‍ പണ്ട് പെങ്കുട്ടികളെ നോക്കുന്ന കണ്ണുകള്‍ക്കും ഇന്ന് നോക്കുന്ന കണ്ണുകള്‍ക്കും ഒത്തിരി മാറ്റം വന്നിട്ടുണ്ട്!

    നല്ല വായനാസുഖം തന്നതിന് നന്ദി.

    ReplyDelete
  28. നന്നായിരിക്കുന്നു!! വീണ്ടും വരാം.

    ReplyDelete
  29. അമ്പലവാസികളുടെ ഭാഗ്യം!

    ReplyDelete