Feb 21, 2010

ഒരു പ്രണയലേഖന കഥ

             
 ഉരുട്ടിയെഴുതിയ കറുത്ത അക്ഷരങ്ങൾക്കിടയിൽ തന്റെ ഇണയുടെ മുഖം തെളിയുന്നു, നുണക്കുഴി കാട്ടി പുഞ്ചിരി തൂകി ആ മുഖം പെട്ടന്ന് ദേഷ്യത്തോടെ നിൽക്കും, പരിഭവം പറയും. കണ്ണോടു കണ്ണുനോക്കി നാഴികകൾ ചിലവഴിക്കും. അതെ...പ്രണയത്തിന്റെ കാൽപ്പനിക ഭാവങ്ങൾ സമ്മാനിച്ചവ ആയിരുന്നു പ്രണയ ലേഖനങ്ങൾ. ഒരു നോട്ട്‌ ബുക്കിന്റെ പേജിൽ അല്ലെങ്കിൽ ഇരുപത്തഞ്ചു പൈസയുടെ ഒരു വലിയ പേപ്പറിൽ അതുമല്ലെങ്കിൽ അച്ഛനോ അമ്മാവനോ ഗൾഫിൽ നിന്ന് കൊണ്ടുവരുന്ന പൂക്കളുടെ ചിത്രമുള്ള ലെറ്റർപ്പാഡുകളിൽ, അങ്ങിനെയെത്ര പ്രേമലേഖനങ്ങൾ നമ്മുടെയൊക്കെ കണ്ണില്‍ വസന്തം വിരിയിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ നൂറും പാലും കലർത്തിയെഴുതിയ കത്തുകള്‍. ചിലതിനു ഒരു പക്ഷെ കണ്ണീരിന്റെ നനവുണ്ടാകും, ചിലതിനു പേടിയുടെ കറുത്ത ചുവയുണ്ടാകും... എന്നാലും ചുരുട്ടി കൂട്ടിയ കടലാസുകൾ അവളുടെ ഞെളിപിരികൾ കണ്ടറിഞ്ഞ ഡസ്കിലോ ബഞ്ചിന്റെ അടിയിലോ, ഹംസങ്ങളായ കൂട്ടുകാരിയുടെ കയ്യിലോ കലുങ്കിനു മുന്നിലൂടെ പോകുമ്പോൾ സൈക്കിളിൽ പിൻ തുടർന്ന കൊടുക്കുന്നതോ തിരികെ ലഭിക്കുന്നതോ ആയ നിര്മ്മുലസുഖത്തിനെ എത്ര ഓർത്താലാണു മതി വരുക.

                   ചിലപ്പോൾ അവളുമാർ ഇരിക്കുന്ന ബഞ്ചിൽ പോയി “നിന്നെയെനിക്കിഷ്ടമാണ‍്‌” എന്ന മൂന്നക്ഷരം വിറക്കുന്ന കൈകള്‍ കൊണ്ട് എഴുതിയിടും, അമ്പേറ്റ് പുളയുന്ന ഒരു ഹൃദയചിഹ്നവും കൂട്ടിനുണ്ടാകും. എന്നിട്ട്‌ പിറ്റേ ദിവസം ചെന്ന് അവൾ മറുപടി എഴുതിയിട്ടുണ്ടോ എന്നു ആകാംക്ഷയോടെ നോക്കും. കത്തിനു മറുപടി കിട്ടിയാൽ ഉച്ചയൂണിനൊപ്പം അവളുടെ സ്നേഹത്തിന്റെ എരിവും കൂടെയുണ്ടാകും. കലണ്ടറുകളിൽ ചുവന്ന അക്കം വരരുതേ എന്ന പ്രാർത്ഥനയോടെ തലേദിവസം എഴുതിയ പല കത്തുകൾക്കും ജനലിലൂടെ പരന്ന നിലാവിന്റെ സുഖമുണ്ടായിരുന്നു. രാത്രിയില്‍ പ്രണയലേഖനങ്ങൾ എഴുതുമ്പോൾ ചിലപ്പോൾ അമ്മയുടെ കാലടി പെരുമാറ്റം കേട്ടാലോ അല്ലെങ്കിൽ മുറ്റത്തു അത്താഴം കഴിഞ്ഞ്‌ ഉലാത്തുന്ന മുതിർന്നവരുടെ ഏമ്പക്കമോ ചുമയോ കേൾക്കുമ്പോഴോ പെട്ടന്നു പുസ്തകത്തിനിടയിലേക്ക്‌ ഊളിയിടും.

                 കത്ത്‌ തുറക്കുമ്പോള്‍ ആദ്യം കാണുക "കുത്തു"കൾക്ക്‌ മുന്നിലുള്ള തേനില്‍ ചാലിച്ച ചെല്ലപേരുകള്‍ ആയിരുന്നു. അപ്പോള്‍ അവളുടെ മുഖം കത്തില്‍ തെളിഞ്ഞുവരും. കല്ലിട്ട കുളം പോലെ മനസ്സ്‌ ഒന്ന് തുള്ളികളിക്കും. കത്തുകള്‍ വായിക്കുമ്പോള്‍ മനസ്സിന്റെ അമ്പലത്തില്‍ ഉത്സവം കൊടിയേറും. ആ സമയം ദീവെട്ടി വെളിച്ചവും പഞ്ചവാദ്യവും പഞ്ചാരിമേളവും ഒക്കെ സംഗീതാത്മകമായി മനസ്സിൽ തെളിഞ്ഞുവരും. ഇടത്തേ ചെവിക്കു താഴെയുള്ള അവളുടെ മറുകിനെകുറിച്ചും ചുണ്ടിന് മുകളിലുള്ള കാക്കാപുള്ളിയെ കുറിച്ചും കാന്ത ശക്തിയുള്ള കണ്ണുകളെ കുറിച്ചും അവളുടെ പൊട്ടിനെ കുറിച്ചും, കാതിലെ മോട്ടുകമ്മലിനെ കുറിച്ചും, മതിവരുവോളം കാമുകന്‍ വർണ്ണിച്ച വരികൾക്ക്‌ വയലാറിന്റെ പ്രേമകവിതകളെക്കാള്‍ കാല്പ്പമനിക ഭാവമുണ്ടായിരുന്നു. ഒരു പക്ഷെ ആദ്യ ചുംബനം അക്ഷരങ്ങളിലൂടെ പകര്ന്ന്പ്പോൾ അവന്റെയോ അവളുടെയോ ഈറനണിഞ്ഞ കൺപീലികൾ കൂമ്പിപ്പോകുന്നത് കാണാമായിരുന്നു. കത്തിലെ പിണക്കങ്ങളിൽ ഇരുവരുടെയും മനസ്സ്‌ പാലക്കാടൻ പാളങ്ങളിലെ തലങ്ങും വിലങ്ങും പായുന്ന തീവണ്ടികളെപ്പോലെ ചീറി പാഞ്ഞിരുന്നു.

                     തലേദിവസം അവൾക്ക്‌ വേണ്ടി എഴുതിവക്കുന്ന കത്തുകൾക്ക് രാവിലെ മഷിയുടെ ഒരു തരം സുഗന്ധമുണ്ടായിരിക്കും. ഉച്ചക്കേത്തെത്തുമ്പോൾ ചോറ്റുപാത്രത്തിനെ ഉമ്മ വച്ച് മോരിന്റെയോ പപ്പടത്തിന്റെയോ മണമായി പരിണമിക്കും. വൈകുന്നേരമാകുമ്പോഴേക്കും സ്കൂൾ കുപ്പായങ്ങളെപ്പോലെ മുഷിയാൻ തുടങ്ങും. വായിച്ചാലും വായിച്ചാലും മതിയാവാത്ത കത്തുകൾ പോയ കാലത്ത്‌ നിന്നൊരു ചരട്‌ നീണ്ടു ചെല്ലും പോലെ ആ കത്ത്‌ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഏന്തോ ഒന്നു അതിലുണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ കൗമാരത്തെ നിമിഷാർദ്ധം കൊണ്ട്‌ അപ്പൂപ്പന്‍ താടി കണക്കേ പറത്തിയ സ്വപ്നത്തിന്റെ സൂത്രധാരന്‍ ആയിരുന്നു അത്തരം പ്രണയലേഖനങ്ങൾ.

                         ആറരയുടെ ചുവന്ന ഇരുട്ടില്‍ ചിരിച്ചും പരിഭവം പറഞ്ഞും എഴുതുന്ന കത്തുകള്‍ പാതിയെത്തുമ്പോള്‍ ചിലപ്പോള്‍ കുശുമ്പ് മൂത്ത് പേന വിട്ട് വിട്ട് എഴുതാന്‍ തുടങ്ങും. തോഴനായ പേനയെ ശകാരിച്ച് വീണ്ടും എഴുത്ത് തുടങ്ങും. പ്രണയത്തെ കുറിച്ച് അറിയാമായിരുന്ന അപ്പൂപ്പന്മാർ അത് കണ്ട് ചിരിക്കും. അപ്പോള്‍ കുമ്മായ ചുമരില്‍ മുറുക്കി തുപ്പലുകള്‍ പൊട്ടിടും. ഭാഗവതരുടെ തംബുരു ചുമക്കുന്ന ശിഷ്യരെപ്പോലെ ആയിരുന്നു കത്തിന്റെ കൂടെ കൊടുക്കുന്ന പനിനീര്‍ പൂക്കളും മിടായികളും.

കാലമിങ്ങനെയാണ‍്‌ നമ്മളിൽ നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തി കളഞ്ഞുകൊണ്ടിരിക്കും. വെറുതെയാണെന്നറിഞ്ഞിട്ടും കുട്ടിയാകാൻ മോഹിപ്പിക്കുന്ന ഇത്തരം ഒരു കാലം വേണമെന്ന് എല്ലാ മനസ്സും ഇപ്പോഴും കൊതിക്കുന്നു. ശരിയല്ലേ.?

ചിത്രം : ഗൂഗിളമ്മായി തന്നത്‌

28 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. മാഷെ ആദ്യം ഞാന്‍ ആണല്ലോ
    ഇമെയില്‍ന്റെയും ചാറ്റിന്റെയും ലോകം മാത്രം ആയി പ്രണയവും മാറി കഴിഞ്ഞു . ഈ കത്തുകളെ കുറിച്ച് ഒക്കെ ഇനി ഇതുപോലെ വായിക്കാന്‍ മാത്രമ്മേ പറ്റു
    ആശംസകള്‍

    ReplyDelete
  2. ദേ, കിടക്കുന്നു പിന്നേം..
    അതൊരു സുഖമുള്ള കാലം തന്നെയായിരുന്നു മാഷെ..
    ആ ഓര്‍മ്മകളിലേക്ക് നയിച്ചതിനു വളരെ നന്ദി...
    ആശംസകള്‍ ...

    ReplyDelete
  3. കത്തിലെ പിണക്കങ്ങളില്‍ ഇരുവരുടേയും മനസ്സ് പാലക്കാടന്‍ പാളങ്ങളിലൂടെ തലങ്ങും വിലങ്ങും
    പായുന്ന തീവണ്ടികളെപ്പോലെ ചീറി പാഞ്ഞിരുന്നു.
    എത്ര നല്ല നിരീക്ഷണം . ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നല്ല അവതരണം .
    അടുത്ത ജന്മത്തിലെങ്കിലും പ്രണയ സാഫല്യം പ്രതീക്ഷിക്കാം...

    ReplyDelete
  5. ന്റെ എറക്കാടാ..
    അന്നെ ഞമ്മളു കൊല്ലും..
    പ്രേമലേഖനങ്ങളുടെ കഥ
    പറഞ്ഞ് ഞമ്മളെ സ്കൂള്‍ കാലം ഓര്‍മിപ്പിച്ചു..
    പഴയ കുറെ പ്രേമലേഖനങ്ങള്‍
    ഇന്നും മനസ്സില്‍ വായിക്കുന്നു..
    പത്തില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക്
    പ്രണയ ലേഖനമെഴുതിക്കൊടുക്കലായിരുന്നു..
    പ്രധാന തൊഴില്‍..
    ഒരു കത്തെഴുതിക്കൊടുത്താല്‍ ഒരു ഐസായിരുന്നു
    കൂലി..
    അല്ലെങ്കില്‍ പെയ്റ്റടിച്ച ഒരു പൊറൊട്ട..

    ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും
    മനസ്സ് എന്റെ കയ്യിലായിരുന്നു...

    ReplyDelete
  6. അഭി...ഇ മെയിലും ഇന്റെർനെറ്റും വന്നാലും കത്ത്‌ കൊടുത്തിരുന്ന ആ കാലം ഒരു രസമല്ലേ....
    സുമേഷ്‌ : ഓർമ്മകളല്ലേ എല്ലാം.
    പാലക്കാട്ടേട്ടൻ : ഉപമയല്ലേ ജീവിതം.
    മുക്താറിക്ക : അതൊരു നല്ല സമയമല്ലേ.
    തണൽ : പ്രതീക്ഷിക്കാം

    ReplyDelete
  7. ഇന്റര്‍നെറ്റും മൊബൈലും വന്നപ്പോള്‍ പ്രണയത്തിന്റെ മാധുര്യം കുറേ കുറഞ്ഞില്ലേ എന്ന് എനിയ്ക്കും സംശയമുണ്ട്.

    ReplyDelete
  8. ഹ! ഹ!!

    മുട്ടയിൽ നിന്നെ ആവാഹിക്കാൻ എനിക്കറിയാൻ വയ്യാഞ്ഞിട്ടല്ല....!

    ഉം...

    ആ കാലം പോയി!

    ReplyDelete
  9. ഇപ്പോള്‍ എഴുത്തേ കുറഞ്ഞിട്ടുള്ളൂ, പക്ഷെ പ്രണയം കൂടി. പ്രണയ ലേഖനങ്ങള്‍ എസ് എം എസ് നു വഴിമാറി.

    മധുരസ്മരണകള്‍ ഉണര്‍ത്തുന്ന നല്ല അവതരണം.

    ReplyDelete
  10. ശ്രീ, ജയേട്ടൻ, തെച്ചികോടൻ, വന്നതിനും സാന്നിധ്യം അറിയിച്ചതിനും നന്ദി

    ReplyDelete
  11. എന്തിനാ എന്നെ ഇങ്ങനെ ബെഷ്മിപ്പിക്കണേ.... ഞാന്‍ കരയുട്ടോ

    ReplyDelete
  12. പ്രണയലേഖനങ്ങള്‍ എസ് എം എസ് ആയി മാറിയതോടെ അതിന്‍റെ സുഖവും കുറഞ്ഞിട്ടുണ്ടാവും .ഇണക്കവും പിണക്കവും സ്നേഹവും കോപവും എല്ലാം പ്രിയതമയുടെ / പ്രിയതമന്‍റെ കയ്യക്ഷരത്തില്‍ കാണുമ്പോഴുള്ള സുഖം ഈ എസ്.എം.എസിനുണ്ടാവുമോ. ഇനിയും അങ്ങനെ ഒരു കാലം വരാന്‍ ‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും.

    ReplyDelete
  13. ഒരു തുണ്ട് കടലാസില്‍
    നീയെന്നെ ജീവിതം കാട്ടി കൊതിപ്പിച്ചതും
    ഒടുവില്‍ നിന്‍റെ മിഴിനീരില്‍
    ആ മഷി പുഷ്പങ്ങള്‍ മാച്ചതും

    ഓര്‍മകളെ എവിടേലും ഒളിപ്പിച് പുതിയ ഒരുവളെ വളക്കാന്‍ കരുതുമ്പോഴേക്കും അവന്‍ പണ്ടത്തെ കഥേം പൊക്കി പിടിച് വരും..

    നെനെക്ക് തെന്തൂട്ടാ ഗടി.. പഴേ ക്ടാങ്ങളെ ഓര്‍മ സ്കൂട്ടാക്കാന്‍.



    (ഇഷ്ടപെട്ടുട്ടോ)

    ReplyDelete
  14. കാലമിങ്ങനെയാണു ,.നമ്മളിൽ നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തിക്കളഞ്ഞു കൊണ്ടിരിക്കും...
    എറക്കാടനിങ്ങനെയാണു.. കെടുത്തിക്കളഞ്ഞ ഓർമ്മകളുടെ തിരികൾ വീണ്ടും വീണ്ടും തെളിച്ച്‌ കൊണ്ടിരിക്കും..,
    കുട്ടിയാകാൻ മോഹിക്കുന്നത്‌ വെറുതെയാണെന്നറിഞ്ഞിട്ടും പിന്നെന്തിനാ എറക്കാടാ നോസ്റ്റാൾജിയ ഉണർത്തി ഞങ്ങൾ പാവം വായനക്കാരെ നൊമ്പരപ്പെടുത്തുന്നത്‌..
    (അസ്സലായിട്ടുണ്ട്‌..നല്ല നിരീക്ഷണം..)

    ReplyDelete
  15. പ്രേമലേഖനങ്ങള്‍.ഹാ എത്ര സുന്ദരമായ ഓര്‍മ്മകള്‍.നേരില്‍ പറയാന്‍ കഴിയാത്ത നൂറുകൂട്ടം കാര്യങ്ങള്‍ ഒരു കത്തിലൂടെ പറയാന്‍ കഴിയും.ഞാനിന്നും കത്തുകളെ പ്രണയിക്കുന്നു.ഒരു പത്തറുപതു കത്തുകള്‍ ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്നുണ്ട്.

    ReplyDelete
  16. "അവളുടെ ഞെളിപിരികൾ കണ്ടറിഞ്ഞ ഡസ്കിലോ ബഞ്ചിന്റെ അടിയിലോ,..."

    - ശോ , ഇക്ക് ഇക്കിളിയാവണൂ !!!

    ReplyDelete
  17. ennum njan sukshikkunnu....
    nashttapetta oru pranayalekhanam...
    eshttapettuttoooooooo.....

    ReplyDelete
  18. ഓര്‍ക്കുവാനെന്തെങ്കിലും
    ഓമനിക്കാന്‍ വേണ്ടെ‌- മല്‍
    കരള്‍ കൂട്ടില്‍ വാഴും
    പൈങ്കിളിപ്പെണ്ണേ ചൊല്ലൂ

    കാതര സ്മൃതികളില്‍....

    ,,,,,കിട്ടിയ നേവി ബ്ലൂ പാക്കറ്റ് പൊട്ടിച്ചെഴുതികൊടുത്ത
    ആദ്യവരികള്‍....
    ഹോ..
    അതൊക്കെ ഒരു കാലം(ധീര്‍ഖ നിശ്വാസം)

    ReplyDelete
  19. ഏറക്കാടോ... മൊത്തത്തിലൊരു പ്രേമ നൈരാശ്യത്തിന്റെ മണം അടിക്കുന്നുണ്ടല്ലോ ? അതോ പ്രേമ സാഫല്യത്തിന്റെ ആണോ?

    ReplyDelete
  20. നിഷാം, ഒഴാക്കൻ, ഹം സാക്ക, റഫീക്‌, OAB , കമ്പറേ....ഇതൊക്കെയല്ലേ ജീവിതം.

    ശ്രീകുട്ടാ : ഭാര്യ കാണണ്ടാ ഇതൊന്നും.

    ഗോപാ: അധികം ഇക്കിളി കൂട്ടണ്ടാ..
    പ്യാരി: പ്രേമനൈരാശ്യമൊന്നുമില്ല...പ്രേമസാഫല്യങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ...സാഫല്യം ഉണ്ടാവുമെന്നു തോന്നുന്നതിനു മാത്രമേ എറങ്ങി പുറപ്പെട്ടിട്ടുള്ളൂ.

    ReplyDelete
  21. ഉച്ചക്കേത്തെത്തുമ്പോൾ ചോറ്റുപാത്രത്തിനെ ഉമ്മ വച്ച് മോരിന്റെയോ പപ്പടത്തിന്റെയോ മണമായി പരിണമിക്കും.

    എല്ലാ മണവും ആവാഹിച്ചു വെച്ചിട്ടുണ്ട് അല്ലെ...

    ReplyDelete
  22. പ്.ജി ക്ക് പഠിക്കുന്ന സമയത്ത് ഒരു ഹംസയാവാന്‍ സോറി ഹംസമാവാന്‍ എനിക്കും അവസരം കിട്ടി!!!

    ReplyDelete
  23. വായനക്കിടയില്‍ നെടുവീര്‍പ്പിട്ടു ഞാന്‍ മുടിഞ്ഞു.... എന്നാലും എന്നോട് ഈ കടുംകൈ ചെയ്യരുതായിരുന്നു എറക്കാടാ.... ഇനി എത്ര ദിവസം ഉറക്കമില്ലാതെ കിടക്കേണ്ടി വരും.... നല്ല അവതരണം, നല്ല ബിംബങ്ങള്‍... സംഭവം നേരിട്ട് ഹൃദയത്തിലേക്കാണ് ചെന്നത്.... സത്യം പറഞ്ഞാല്‍ നാട്ടിലെ പഴയകാല ലീലാവിലാസങ്ങളിലേക്ക് താന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി എന്നു മാത്രമല്ല അതൊരു വേദനയായി അവശേഷിപ്പിക്കുകയും ചെയ്തു... കത്ത് വായിക്കാന്‍ കഴിഞ്ഞില്ല.... അത് കുറച്ചു കൂടി വലുപ്പത്തില്‍ പോസ്റ്റ് ചെയ്യണമെന്ന് അപേക്ഷ.

    ReplyDelete
  24. അനുഭവം ഗുരു അല്ലേ എറക്കാടാ, കൊള്ളാം എഴുത്ത് കലക്കുന്നുണ്ട്‌, ഇനീം പോരട്ടേ ആശംസകള്‍

    ReplyDelete
  25. ചിത്രം ഗൂഗിളമ്മയുടെ ആണെന്ന് ആദ്യമേ എഴുതേണ്ടേ?
    ഞാന്‍ അത് വലുതാക്കി വായിച്ചെടുക്കാന്‍ പെട്ട പാട് :)
    (വെറുതെ ആയില്ല)
    :)

    ReplyDelete
  26. പ്രണയം എല്ലാകാലത്തും എന്നോടൊതുണ്ട് ...ഒരുതുള്ളി വെളിച്ചമായി ...നല്ല പ്രണയ കാലങ്ങള്‍ !!!

    ReplyDelete
  27. പുത്തൻ തലമുരക്ക് നഷ്ട്ടപ്പെട്ട സൌഭാഗ്യങ്ങളാണല്ലൊ ഈ പ്രണയലേഖനങ്ങൾ..
    പഴയ പ്രണയ സ്മരണകൽ മുഴുവൻ ഉണർത്തിക്കളഞ്ഞു ഈ രചന കേട്ടൊ

    ReplyDelete
  28. ഇനി കത്ത് കിട്ടില്ലെന്ന ഉറപ്പിനാല്‍ പഴയ കത്തുകളൊക്കെയും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
    ഇടയ്ക്ക് വായിച്ചു നോക്കുമ്പോള്‍ കുളിര്‍ക്കാറ്റ് വന്നു തലോടി പോകും...

    ReplyDelete