Feb 27, 2010

അരുന്ധതി



ഇടകാലം മുറുകി മുറുകി കാലം വല്ലാതങ്ങ്‌ കയറിപോയിരിക്കുന്നു. അതെ, മദ്ദളത്തിൽ അരങ്ങേറ്റം കഴിഞ്ഞതിൽ പിന്നെ ഇത്രയും കാലം കയറ്റി ഞാൻ കൊട്ടിയിട്ടേയില്ല, കൊട്ടാൻ സാധിച്ചിട്ടില്ല എന്നു പറയുന്നതാവും ശരി. എന്നാലും വളരെ കാലം സാധകം ചെയ്ത ഓരു വാദ്യക്കാരനെപോലെയായിരുന്നു എന്റെ അന്നത്തെ കേളിയിലെ കൈവഴക്കം. ഒറ്റനോട്ടത്തിൽ എന്റെ കൊട്ട്‌ ഇതിനു മുൻപ്‌ കണ്ടിട്ടുള്ള ആർക്കും ഇന്ന് ഞാൻ കൊട്ടുമ്പോൾ എന്തോ എനിക്കു സംഭവിച്ചിട്ടുണ്ടെന്ന് തോന്നും.

ശരിയാണ‍്‌, എനിക്കെന്താണു സംഭവിച്ചത്‌. ഇലത്താളം പിടിക്കുന്ന നാട്ടുകാരനും കൂട്ടുകാരനുമായ മണികണ്ഠേട്ടനും എന്നൊട്‌ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന്. വിയർത്തുകുളിച്ച് കൊണ്ട് ഞാൻ മദ്ദളത്തിൽ കവിതകൾ തീര്‍ക്കുകയാണ‍്‌. ഇടകാലത്തിൽ നിന്നും ഇരികിടയിലേക്കെത്തിയപ്പോൾ ചെണ്ടക്കാരൻ കുട്ടേട്ടൻ ശരിക്കും വിയർത്തുവെന്നു തോന്നുന്നു..

അങ്ങിനെ കവിത തീര്ക്കാ ന്‍ എന്താണ് കാരണം. അറിയാതെ കൊട്ടിന്റെ എണ്ണങ്ങൾ വരുന്നതിനു പകരം അവളുടെ മുഖമായിരുന്നു. അതെ....അരുന്ധതി....ദൈവം യാതൊരു കരുണയും കാട്ടാത്ത ഒരു നിഷ്കളങ്കമായ പെൺകൊച്ച്‌. എന്തിനാണവളെ പരിചയപ്പെട്ടത്‌. അരുന്ധതിനക്ഷത്രത്തെ കണ്ടാൽ ഒരു വർഷത്തേക്ക്‌ മരണമില്ല എന്ന് പഴമക്കാർ പറയാറുണ്ട്‌. ശരിയാണ്. അതു പോലെത്തന്നെയാണ് അവൾ. കവികൾ പറയുന്നതു പോലെ ഒരു കാവ്യസങ്കൽപ്പം. അതും കേരളത്തിലെ ഒരു വാദ്യക്കാരൻ ഈ പഞ്ചാബിൽ വന്ന്... എനിക്കറിയില്ല എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ.

അതൊക്കെ ഒരു നിമിത്തമാണ്. അല്ലെങ്കിൽ ആശാന്റെ കൂടെ സാധാരണ വരുന്ന അയ്യപ്പേട്ടന്‌ ടൈഫോയിഡ്‌ പിടിക്കാനും പകരം ഞാൻ കൂടെ വരാനും വിധി എന്നല്ലാതെ എന്തുപറയാൻ...ഫൈനൽ ഇയർ ബി കോമിന്റെ സ്റ്റഡി ലീവു സമയത്താണ‍്‌ സംഭവം. ആശാൻ ഒരു വൈകുന്നേരമാണു വീട്ടിലേക്കു വന്ന് പറഞ്ഞത്‌, പഞ്ചാബിൽ ഒരു പഞ്ചവാദ്യവും പത്തു ദിവസവും കേളിയും ദീപാരധനയും ഉച്ചപൂജയും എല്ലാം വേണമത്രെ....ഞാൻ കൂടി ചെന്നാൽ ആശാനു കേളിക്കും മറ്റുമെല്ലാം എന്നെ വിടാം.പഞ്ചവാദ്യത്തിനു ഇലത്താളവും പിടിക്കാം. എന്തെങ്കിലുമാവട്ടെ പഞ്ചാബിലേക്കല്ലേ..ഇതേവരെ സ്ഥലം കണ്ടിട്ടുമില്ല. പോയികളയാം എന്നും വിചാരിച്ച്‌ പുറപ്പെട്ടതാണ‍്‌......ഇവിടെയെത്തി താമസമെല്ലാം ഏർപ്പാടാക്കി തന്നത്‌ അച്ചുവേട്ടനായിരുന്നു....എനിക്കും ആശാനും ഒഴികെയുള്ള ബാക്കിയെല്ലാവർക്കും ഹോട്ടലിൽ ആയിരുന്നു റൂമും ഭക്ഷണവും ആശാന്റെ പഴയ പരിചയക്കാരനും ആരാധകനും ആസ്വാധകനും ആയത്റ്റിനാൽ അച്ചുവേട്ടന്റെ വീട്ടിൽ ഞാനും ആശാനും. ആശാന്റെ കാര്യങ്ങൾ നോക്കാനാണു എന്നെ കൂടെ നിർത്തിയത്‌.

അച്ചുവേട്ടൻ പഞ്ചാബ്‌ നാഷണൽ ബാങ്കിലെ മാനേജരാണ്‌. ഭാര്യ ഭാനുചേച്ചി, രണ്ടുപേരും ഒരു മകനോട്‌ എന്ന സ്നേഹമായിരുന്നു എന്നോട്‌ കാണിച്ചിരുന്നത്‌. ഒരേ ഒരു മകൾ അരുന്ധതി.....പ്ലസ്‌ ടുവിനു പഠിക്കുന്നു......ഒരു വീട്ടിൽ വിശ്വാസത്തോടെ കേറ്റി കിടത്തിയിട്ട്‌ എരപ്പത്തരം കാണിക്കുന്ന സ്വഭാവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നിട്ടും അവളുമായി എങ്ങിനെയാണ്‌ അടുത്തത്‌.....അതു ഏതുതരം സ്നേഹമായിരുന്നുവെന്ന് ഇപ്പോഴും അറിയില്ല....പെങ്ങൾമാരില്ലാത്ത എനിക്ക്‌ അവൾ പെങ്ങളായിരുന്നോ? അതോ അപ്പോഴും കോളേജിൽ മുറക്ക്‌ കാമുകിമാരുണ്ടായിട്ടും അവളോട്‌ എന്താണൊരു പ്രത്യേകത തോന്നിയത്‌.....അതോ ഒരു ചേട്ടത്തിയമ്മ ലുക്ക്‌ ആയിരുന്നോ. എനിക്കറിയില്ല....എന്തായാലും ഞാൻ അവളുമായി പരിചയപ്പെടുമ്പോൾ ഞാൻ വളരെ ചൂടായി. സാധാരണ എല്ലാവരോടും ചിരിച്ച്‌ കളിക്കാറുള്ള ഞാൻ അവളോട്‌ മാത്രം എന്തിനാണു ചൂടായത്‌. അതെ എനിക്കു നല്ല ഓർമ്മയുണ്ട്‌.

അവിടെ ചെന്നതിന്റെ രണ്ടാം ദിവസം ഉച്ചപൂജ കഴിഞ്ഞ്‌ അടുത്തുതന്നെയുള്ള അച്ചുവേട്ടന്റെ വീട്ടിലേക്ക്‌ ഞാൻ മദ്ദളവും കൊണ്ട്‌ പോകുമ്പോൾ പിന്നിൽ നിന്ന് വന്ന് മദ്ദളത്തിൽ അവൾ രണ്ടടി. ഞാൻ ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട്‌ മദ്ദളം താഴെ വച്ച്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുമ്പോൾ വീണ്ടും അവൾ വന്ന് മദ്ദളത്തിൽ കളിക്കുന്നു. ഞാൻ നന്നായി ശകാരിച്ചു. അവൾ പെട്ടന്ന് കരഞ്ഞു. പൊട്ടി പൊട്ടികരഞ്ഞു. എനിക്കാകെ എന്തോപോലെയായി.

"ഞാൻ അപ്പൊഴത്തെ ദേഷ്യത്തിനു ചീത്തപറഞ്ഞതാ... കാര്യമാക്കണ്ടാ...പ്ലീസ്‌......ആരെങ്കിലും കണ്ടാൽ തെറ്റിദ്ധരിക്കും...."

പെട്ടന്നു മുഖം പൊത്തിയിരുന്ന അവൾ മെല്ലെ കൈ മാറ്റി എന്നോടിങ്ങനെ പറഞ്ഞു" അയ്യടാ......ഞാൻ കരയുണു....പറ്റിച്ചേ........"

അവൾ എന്നെ പറ്റിച്ചതാണെന്നു എനിക്ക്‌ മനസ്സിലായി. ഞാൻ എന്തായാലും ഒരു സോറി പറഞ്ഞു. ആ പരിചയം പിന്നീട്‌ അഞ്ചാറുദിവസത്തിനുള്ളിൽ വളർന്ന് വലുതായി. മൂന്നു നേരവും ഞാൻ അമ്പലത്തിൽ കൊട്ടുമ്പോൾ അവൾ അത്‌ കാണുവാൻ വന്നിരുന്നു. അച്ചുവേട്ടനും വളരെ സന്തോഷമായി. കാരണം മകൾ ഇത്ര സന്തോഷമായിട്ട്‌ അവർ കാണുന്നത്‌ ആദ്യമായാണത്രെ. ആ ഏഴു ദിവസം കൊണ്ട്‌ ഞാൻ അവൾക്ക്‌ ഒരവിഭാജ്യഘടകമാകുകയായിരുന്നു. അവളുടെ ഫ്രണ്ട്സുകളെയെല്ലാം പരിചയപ്പെടുത്തി ഞാനവളുടെ ക്ലോസ്‌ ഫ്രണ്ടാണെന്നു പറഞ്ഞു. അപ്പോൾ അവളുടെ കണ്ണിൽ എന്തോ ഒരു പ്രത്യേകത ഞാൻ കണ്ടു. അവസാനം എട്ടാം ദിവസം കാലത്തെ കൊട്ടു കഴിഞ്ഞു. അവളുമായി സംസാരിക്കുന്ന സമയത്ത്‌ അവൾ പറഞ്ഞു;

" നാട്ടിലേക്ക്‌ പോകണോ?...."

അതെന്താ....

ഒന്നൂല്യ.....

"ഇത്രനാളും ഇങ്ങനെ കമ്പനിയായിട്ട്‌....പെട്ടന്ന് പോകുമ്പോൾ ഒരു വിഷമം......”

"ശ്ശെ ....അതൊക്കെ രണ്ട്‌ ദിവസം അതങ്ങ്ട്‌ കഴീമ്പോൾ താനെന്നെ മറക്കും......”

പെട്ടന്നു തന്നെ അവൾ ഒന്നു വിതുമ്പി.......അവൾ പറഞ്ഞു "ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട്‌....എന്തെങ്കിലും....തോന്ന്വൊ.....

“ഇല്ല കുട്ടി പറയൂ.”

“എനിക്കൊരു കല്യാണമുണ്ടായിരുന്നെങ്കിൽ ഞാൻ ചേട്ടനെ കല്യാണം കഴിച്ചേനെ....”.

ഞാനൊന്നു ഞെട്ടി, എങ്കിലും ചോദിച്ചു. “അതിനെന്താ.....പ്രശ്നം..”.

"അത്‌.....അത്‌.......ആർക്കും അറിയാത്ത എനിക്കും അച്ചനും അമ്മക്കും മാത്രമറിയുന്ന രഹസ്യം......ഞാനൊരു കാൻസർ പേഷ്യന്റാ.....എനിക്കാകെ രണ്ടോ മൂന്നോ കൊല്ലം കൂടിയെ ആയുസ്സുള്ളൂ......പിന്നെ ഈ പൊട്ടിച്ചിരിയും ബഹളവും അതെല്ലാം ഒരോ കോപ്രായങ്ങള‍്‌ അത്ര തന്നെ......പക്ഷെ....ഇപ്പോള്‍... എനിക്ക്‌ ശരിക്കും.......ജീവിക്കാൻ കൊതി തോന്നുന്നു....ഏട്ടാ.....എന്താപ്പൊ പറയാ....എവിടെയോ...ഒരു....ഒരു....എനിക്കറിയില്ലാ....അതെങ്ങിനെപറയണം ന്ന്......"

ഞാനാകെ തളർന്നു പോയി.....സത്യത്തിൽ ഞാൻ ഇത്രയും വിഷമിച്ച ഒരു സന്ദർഭം ഉണ്ടായിട്ടില്ല. ഭഗവാനെ എത്ര ആളുകൾ ഭൂമിയിൽ വെറുതെ ജീവിക്കുന്നു. ഈ പാവം കുട്ടിയോട്‌ എന്തിനാണു ദൈവം ഇങ്ങനെ ഒരു ക്രൂരത. ഞാൻ ആകെ ഒരു പരവശനായി. എന്തായാലും അവൾക്ക്‌ വേണ്ടി ഞാൻ ഇന്ന് ആത്മാർത്തമായി ദൈവത്തിനോട്‌ പ്രാർത്ഥിക്കണം. അങ്ങിനെ ദീപാരാധനക്ക്‌ ഞാൻ കേളി കൊട്ടികൊണ്ടിരിക്കുകയാണിപ്പോൾ.

അതാണുതുടക്കത്തിൽ പറഞ്ഞത്‌. അതെ ഇരികിട കൊട്ടി കേറി. ചെണ്ടകൊട്ടുന്ന കുട്ടേട്ടനു ഞാൻ കൊട്ടുന്നതിനനുസരിച്ച്‌ താളം പിടിക്കാൻ പറ്റുന്നില്ല. പക്ഷെ എന്റെ മനസ്സിൽ അവളായിരുന്നു. ആ കേളി വെറും ഒരു ദീപാരാധന ചടങ്ങു മാത്രമല്ല. ഭഗവാനോടുള്ള പ്രാർത്ഥനയായിരുന്നു. ഭഗവാനേ. എന്റെ ഭഗവാനേ. അവളുടെ അസുഖം മാറ്റണേ. കലാശം കൊട്ടി. കേളി അവസാനിച്ചു. മദ്ദളം ഊരി താഴെ വച്ചു. എല്ലാവരും ഭഗവാനെ തൊഴുമ്പോൾ എന്റെ നേരെ മുന്നിൽ വന്ന് കൈ കൂപ്പി നിൽക്കുന്നു.

അവൾ.......അതെ....അരുന്ധതി, അമ്പലത്തിൽ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു. പക്ഷെ അവൾ പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ‍്‌. അവൾക്കറിയാം ഞാനന്ന് കൊട്ടുകയായിരുന്നില്ല. അവൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അന്ന് രാത്രി ഞങ്ങൾ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു. അത്ര ദിവസം സ്മാർട്ടായ ഞാനും അവളും അപ്പോഴെല്ലാം ഗ്ലൂമിയായിരുന്നു. പിറ്റേന്ന് എനിക്കെന്ത്‌ മറുപടി പറയണമെന്നോ യാത്ര പറയണമെന്നോ എനിക്ക്‌ അറിയുമായിരുന്നില്ല.

അച്ചുവേട്ടൻ എക്സാം കഴിഞ്ഞിട്ട്‌ അദ്ദേഹത്തെ വിളിക്കാൻ പറഞ്ഞു. ജോലിക്ക്‌ വല്ലതും ആയിരിക്കും. അവൾ അന്ന് തന്ന ഫോട്ടൊയും കൊണ്ട്‌ ഞാനും ആശാനും പടിയിറങ്ങുമ്പോൾ കട്ടിളപടിയിൽ പാതി മുഖം മറച്ച്‌ കണ്ണീരിൽ മുങ്ങിയ കണ്ണുകളും കവിളുകളുമായി അവൾ കൈ വീശി കാണിച്ചു.

പിന്നീട്‌ നാട്ടിൽ എത്തിയപ്പോൾ ഇടക്കിടെ വിളിച്ചിരുന്നു. പിന്നെ ഒരിടെ വിളി നിന്നു. വിളി മാത്രമല്ല നിന്നത്‌. ആ പൊട്ടിച്ചിരിയും കുലുക്കവും ആ നിഷ്കളങ്കതയും ശാലീനതയും എല്ലാം എല്ലാം.

ദുബായിൽ വച്ചാണു ഞാനാ വിവരമറിയുന്നത്‌. ആശാൻ വിളിച്ച്‌ പറഞ്ഞു. നാലാം ക്ലാസിൽ പടിക്കുമ്പോൾ ചെറിയച്ചൻ തല്ലിയപ്പോൾ കരഞ്ഞതിനു ശേഷം ഞാൻ വീണ്ടും ഈ ഇരുപത്തിരണ്ടാം വയസ്സിൽ കരഞ്ഞു. പിന്നീട്‌ വല്ലപ്പോഴുമൊക്കെ ഇപ്പോഴും അച്ചുവേട്ടനെ വിളിക്കാറുണ്ട്‌.

അവളുടെ മരണത്തിനു പത്തു ദിവസത്തിനു ശേഷം കമ്പനിയിൽ എനിക്ക്‌ ഒരു ലെറ്റർ കിട്ടി. മരിക്കുന്നതിനു മുൻപ്‌ അവൾ എഴുതിയതായിരുന്നു.......

സങ്കടത്തിൽ ചാലിച്ച ഒരു കത്ത്‌....

ഹൃദയം തുറന്ന ഒരു കത്ത്‌......

ആ കത്തിന്റെ അവസാനത്തിൽ ഇങ്ങനെ എഴുതിയിരുന്നു. "അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ......പ്ലീസ്‌ "

ഇന്നും നാട്ടിൽ ലീവിനു വരുമ്പോൾ ഏതെങ്കിലും അമ്പലത്തിലെ ഉത്സവം കാണുമ്പോൾ ഞാൻ അവളെ ഓർക്കാറുണ്ട്‌......

മുക്കുവനെ സ്നേഹിച്ച ആ മാലാഖയെ......ഒരു പക്ഷെ ചിലപ്പോൾ മാനത്ത്‌ ഏതെങ്കിലും നക്ഷത്രമായിവന്ന് എന്നെ നോക്കി എല്ലാ ദിവസവും രാത്രി അവൾ ചിരിക്കുന്നുണ്ടാവാം.

ഒരു അരുന്ധതി നക്ഷത്രമായ്‌.............

(ഇന്ന് അവൾ മരിച്ചതിന്റെ ഓർമ്മദിവസം. എനിക്ക്‌ നൽകാൻ ഇതു മാത്രം റി പോസ്റ്റ്‌ ചെയ്യുന്നു)

52 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. എനിക്ക് ഒരു അനുഭവവുമില്ല ഇത്തരത്തില്‍.. ഈ ജന്മം പോലും എന്നെ വേണ്ടേ എന്ന് പറഞ്ഞവരെ മാത്രമേ എനിക്കറിയൂ.. എങ്കിലും ചങ്ങാതി കൊണ്ടു.. എവിടെയോ ഒരിത്തിരി നൊമ്പരം. പ്രത്യേകിച്ച് അവളുടെ ആ അവസാന വാക്ക്... "അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ......പ്ലീസ്‌ "

    ടാ... അടുത്ത ജന്മം മാറ്റി വെക്കടാ...

    ReplyDelete
  2. ഇതെന്താ മച്ചൂ, എന്താ പറയണ്ടതെന്നറിയില്ല്യ..
    ഇതു അനുഭവമാണെന്ന് വിശ്വസിക്കാനും വയ്യ.. (ചില സത്യങ്ങള്‍ അങ്ങിനെയാണല്ലോ?)
    "അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ......പ്ലീസ്‌ "
    ശരിക്കും ടച്ചിംഗ് മാഷേ...

    ReplyDelete
  3. കഥയോ അനുഭവമോ?

    കഥയെങ്കില്‍ നല്ല ഒരു കഥ.
    അതല്ല, അനുഭവമാണെങ്കില്‍... എന്താ പറയുക, അടുത്ത ജന്മം ഒരുമിച്ച് ചേരാന്‍ കഴിയട്ടെ എന്നാശംസിയ്ക്കുന്നു. വേറെ എന്ത് പറയാന്‍?

    ReplyDelete
  4. ഇത് അനുഭവം ആവരുതെ എന്നു പ്രാര്‍ത്ഥിച്ചു. കഥയാണെങ്കിലും വല്ലാതെ മനസ്സില്‍ കൊണ്ടു.

    അടുത്ത ജന്മം അവള്‍ക്ക് വേണ്ടി…….

    ReplyDelete
  5. ഇനിയുമുണ്ടൊരു ജന്മമെങ്കില്‍...എനിക്ക് നീ ഇണയാകണം...
    നിന്റെ മിഴിയിലെ നീല വാനില്‍ ...നിത്യ താരകമാവണം....

    വളരെ ഇഷ്ടായീ ട്ടോ!

    ReplyDelete
  6. എന്തിനാ ഇങ്ങനെയൊക്കെ എഴുതി വിഷമിപ്പിക്കുന്നത്.

    ReplyDelete
  7. ഇതിനെ ഒരു അനുഭവമായി കണക്കാക്കാനുള്ള ചങ്കൂറ്റമില്ല, ഒരു കഥ മാത്രമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  8. കഥയാണോ അതോ അനുഭവമോ ?
    അടുത്ത ഒരു ജന്മം ഉണ്ടെങ്കില്‍ ..........?

    എന്ത് പറയണം എന്ന് അറിയില്ല

    ReplyDelete
  9. നല്ല അവതരണം .

    ReplyDelete
  10. റഫീക്‌, സുമേഷ്‌, ഹം സ, വാഴക്കോടൻ, ഇതു അനുഭവം തന്നെയാണ​‍്‌. ഫെബ്രുവരി 27 അവളുടെ ഓർമ്മദിവസം ആണ​‍്‌. ഒരു കാര്യം പോലും നുണയല്ല. അതു കൊണ്ടുതന്നെ ഞാൻ സാധാരണ സാഹിത്യവൽക്കരിക്കുന്നതുപ്പോലെ ചെയ്തിട്ടുമില്ല. മറക്കാൻ പറ്റാത്തതു കാരണം എഴുതുന്നു.

    ReplyDelete
  11. തണൽ,നന്ദന, ശ്രീ, അഭി, അരുണേട്ടാ..നന്ദി

    ReplyDelete
  12. ഇന്റെ പാത്തുമ്മ നേരത്തെ പോയി. ഓൾടെ കുടീന്റെ അടുത്താണ​‍്‌ അന്റെ ഈ മോളിലു നക്ഷത്രമായ പെണ്ണ​‍്‌ എങ്കിൽ ന്റെ പാത്തൂനോട്‌ ഒരന്വേഷണം പറയാൻ പറയണേ..

    ReplyDelete
  13. അനുഭവത്തിനു സാഹിത്യവല്‍ക്കരണം വേണ്ട.
    തീഷ്ണമായ ഓര്‍മകളെ പകര്‍ത്തുന്നിനു യാതൊരു അലങ്കാരച്ചാര്‍ത്തുകളും ആവശ്യമില്ല.
    ഒരു കന്യകയുടെ നക്ഷത്രം തലക്കു മുകളില്‍ നില്‍ക്കുന്നതാലോചിട്ട്.. എന്തോ പോലെ.

    ആശംസകള്‍

    ReplyDelete
  14. ഇതൊരു അനുഭവമാണെന്നറിഞ്ഞതില്‍ വിഷമം തോന്നുന്നു. ദുഖത്തില്‍ പങ്കു ചേരുന്നു.

    നഷ്ടസ്വപ്നങ്ങളില്‍നിന്നു മോചിതനായി, ആഗതമാകുന്ന നന്മയെ സ്വീകരിക്കാനായി തയ്യാറാവുക. ദൈവം വലിയവനാണ്, ഒരുപക്ഷെ നഷ്ടപ്പെട്ട ഐശ്വര്യം കൂടി സ്വംശീകരിചായിരിക്കും വരാനിരിക്കുന്നതിനെ ഒരുക്കിയിരിക്കുക.

    നന്മകള്‍ നേരുന്നു.

    ReplyDelete
  15. വിഷമിപ്പിച്ചു....

    ReplyDelete
  16. അഭീ.. ടച്ചിങ്ങ് ആയി എഴുതി... പ്രണയം പലപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.

    ReplyDelete
  17. Abhi---Sarikkum ithoru anubavamaanenkil--nee--ethra vedhanichittundakum---arundhathiyude aathmavinu vendi---Njan prarthikkunnu--adutha janmathil aval ninakkullathayirikkum

    ReplyDelete
  18. കഥയായ് പരിഗണിക്കുകയാണെങ്കില്‍ 70-80 കളിലെ ഒരു പ്ലോട്ട്..
    അനുഭവം ആണെന്ന്‍ വിശ്വസിക്കാന്‍ കഴിയില്ല്യാ ...കാരണം ഇതില്‍ അനുഭവത്തിന്റെ നിമിഷങ്ങള്‍ ഉണ്ടെന്ന്‍ എനിക്ക് തോന്നിന്നില്യാ. യാഥാര്‍ത്ഥ്യവുമായി വളരെ അകന്ന്‍ നില്‍ക്കുന്നതു പോലെ.!
    അങ്ങനെയാണങ്കില്‍‍ ഭാവന നന്നായിട്ടില്ലാ എന്നും പറയേണ്ടിവരും..
    ചൊറിഞ്ഞ് സുഖിപ്പിച്ച് ശീലമില്ലാത്തതുകൊണ്ടാണ്..ഇത്രേം എഴുതിയത്..!
    നന്നായി എഴുതാന്‍ കഴിയും..എഴുതൂ..ഭാവനയും അനുഭവവും കൂടിക്കുഴയട്ടേ..സാഹിത്യം വിടരട്ടേ..
    അതിന്റെ സൗരഭ്യം..പരക്കട്ടേ..ആശംസകള്‍..!

    ReplyDelete
  19. അരുണ് പറഞത് പോലെ ഇതൊരു കഥ ആയിരുന്നുവെന്കിലെന്ന് ആഗ്രഹിച്ച് പോയി

    ReplyDelete
  20. ദു:ഖത്തിൽ പങ്ക്‌ ചേരുന്നു.

    :(

    ReplyDelete
  21. സെന്റിമെന്റ്സ് തൊട്ടു തീണ്ടാത്ത ഞാന്‍ പോലും സെന്റിയായി ...
    ഇനിയും എഴുതുക !

    ReplyDelete
  22. അതെ ഇരികിട കൊട്ടി കേറി

    അതെയതെ.......

    ReplyDelete
  23. ഓര്‍മ്മകള്‍ മനസ്സില്‍ ഉണ്ടാകട്ടെ..പ്രാര്‍ത്ഥനയും..

    ReplyDelete
  24. ഓഹ്...ശരിക്കും മനസ്സില്‍ തട്ടി.ആദ്യം ആ ഫോട്ടോ കണ്ടപ്പോള്‍ ഒന്ന് തട്ടണം എന്ന് കരുതിയതാ,പക്ഷേ വായിച്ചപ്പോള്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ.

    ReplyDelete
  25. രാംജി, ദേവസേന, തെച്ചികോടൻ, ജയേട്ടാ, കുമാരേട്ടാ, വശംവദൻ, റോഷിൻ...എല്ലാവർക്കും നന്ദി

    കൊലകൊമ്പൻ, സ്മിത, രഞ്ചിത്‌ : ഈ വഴി ആദ്യമായി വന്നതിനു നന്ദി.

    ReplyDelete
  26. ലക്ഷ്മി: നന്ദി, പിന്നെ ഉണ്ടായ സംഭവം തന്നെയാണ​‍്‌. അത്‌ ഒരു കഥയായി തോന്നുന്നു എങ്കിൽ അത്‌ ഞാൻ അവതരിപ്പിച്ച രീതിയുടെ കഴിവുകേടാകാനെ വഴിയുള്ളൂ ..കാരണം ഇതൊരു റീപോസ്റ്റിംഗ്‌ ആണ​‍്‌. എഴുതി ശരിയാകും എന്നു വിചാരിക്കാം. പിന്നെ ജീവിതത്തിൽ ആർക്കും കാൻസർ എന്ന മഹാരോഗം ചെറുപ്പത്തിൽ പിടിക്കില്ലേ..? അതോർത്ത്‌ ആരും സങ്കടപെടില്ലേ...അതോ 70-80 കാലഘട്ടങ്ങളിലേ പടങ്ങളിൽ മാത്രമേ അങ്ങിനെ ഉണ്ടാകുകയുള്ളൂ....മനുഷ്യന്റെ അവസ്ഥയല്ലേ ...നാളെ എനിക്കും വരാം നിങ്ങൾക്കും വരാം...അത്രയേ ഉള്ളൂ അതിന്റെ കാര്യം.....

    ReplyDelete
  27. ഹൗ..എന്തായിത്‌ കഥ..,പത്മരാജൻ സിനിമ പോലെ അവസാനം സെന്റിയടിപ്പിച്ച്‌ കളഞ്ഞു..,
    എറക്കാടാ..ഇനിയും ഞങ്ങൾ വായനക്കാരെ സെന്റിയടിപ്പിക്കാനാണു ഉദ്ദേശമെങ്കിൽ താങ്കൾക്കെതിരെ നിയമനടപടി ആവശ്യമായി വരും..സെക്ഷൻ 007 പ്രകാരം ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നത്‌ കുറ്റാർഹമാണു..അല്ല തെറ്റാർഹമാണ`..
    ഏതായാലും എനിക്കിഷ്ടപ്പെട്ടു...നല്ല കഥ..,ഒന്നു കൂടി തേച്ച്‌ മിനുക്കി അവതരിപ്പിക്കാമായിരുന്നു...,അഭിനന്ദനങ്ങൾ..,കീപ്പിറ്റപ്പേ..

    ReplyDelete
  28. "അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ......പ്ലീസ്‌ " - കയ്യില്‍‌കിട്ടിയ ജന്മം കൊടുക്കാതെ എന്തിനാ ....

    ReplyDelete
  29. വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌......

    ReplyDelete
  30. മരണം എന്നുമൊരു ദുഖമാണ്. നഷ്ടമായി തന്നെ നാം കണക്കാക്കുന്നു. പുനര്‍ജന്മവും മരണാനന്തരജീവിതവുമൊക്കെ പറയുന്നുണ്ടെങ്കിലും ഇതൊരവസാനമായി മാത്രമല്ലേ നമുക്കു കാണാന്‍ പറ്റൂ... ആര്‍ക്കുമ്ം സംഭവിക്കാതിരിക്കട്ടെ...

    ReplyDelete
  31. ഏറക്കാടന്‍,
    ചിലരുടെ അനുഭവങ്ങള്‍ മറ്റുചിലര്‍ക്ക് കഥ ആയി തോന്നാം....അവരുടെ അനുഭവങ്ങള്‍ വേറെ ചിലര്‍ക്ക് തമാശ ആയി തോന്നാം....വേറെ ചിലര്‍ ഉണ്ട് അവര്‍ക്ക് ഒരു ചെറിയ കഥ പോലും മറ്റുള്ളവരുടെ അനുഭവം ആയി തോന്നും......അത് ആരുടേയും കുറ്റം അല്ല......ഞാന്‍ ഇതില്‍ ഏതു വിഭാഗത്തില്‍ വരും എന്ന് അറിയില്ല....പക്ഷെ ഒന്ന് മാത്രം പറയാം, ആ കുട്ടിയുടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങള്‍ സന്തോഷം കൊണ്ട് നിറക്കാന്‍ ആയിരിക്കും ഏറക്കാടന്‍ അങ്ങോട്ട്‌ പോയത്....

    ReplyDelete
  32. ഏറക്കാടന്‍, ഈ കഥ ശരിക്കും കഥയാണോ അതോ ഉള്ളിന്റെ ഉള്ളില്‍ കാത്തുസൂക്ഷിക്കുന്ന പ്രേമമെന്ന കിടവിളക്കോ?

    ReplyDelete
  33. ഹും..നന്നായി അവതരിപ്പിച്ചിട്ടുണ്ട്... എവിടെയൊക്കെയോ ഒരൽ‌പ്പം അതിഭാവുകത്വം ഫീൽ ചെയ്തു (അതെന്റെ കുഴപ്പമാവാം)..

    ആശംസകൾ..

    ReplyDelete
  34. അഭിലാഷ്,
    ഇത്രക്ക് വേണ്ടായിരുന്നു..ആദ്യം വായന തുടങ്ങിയപ്പോൾ ഒരു കുടമാറ്റം സ്റ്റെൽ മഞ്ജു-ദിലീപ് പ്രണയം കണ്ടു.. പിന്നീട് അതിത്ര തീവ്രമായി ... എന്തോ ആ കുട്ടിയുടെ ഓർമ്മ .. ഒന്നും ഇപ്പോൾ പറയുന്നില്ല.. പിന്നെ വരാം.. ബാക്കി വായിക്കാൻ..

    ReplyDelete
  35. real touching narration. hope it's just a story!

    ReplyDelete
  36. വേദനയിൽ മുങ്ങിതാഴുന്ന വായനാനുഭവം തന്നൂട്ടാ.. ഈ അവതരണത്താൽ മികച്ചുനിന്നയീരചന ...

    ReplyDelete
  37. ശരിക്കും മനസ്സില്‍ ആഴത്തില്‍ തന്നെ തറച്ചു. ശരിക്കും ടച്ചിംഗ് ആയ വരികള്‍. തീര്‍ച്ചയായും ഒരു നക്ഷത്രമായി വന്നു അവള്‍ നിന്നെ നോക്കി ചിരിക്കുന്നുണ്ടാവാം.
    അരുണ്‍ പറഞ്ഞപോലെ കഥയായി തന്നെ ഇരിക്കട്ടെ.
    (പക്ഷെ ഇത് പോലെ ഇവിടെ അയ്യപ്പന്‍റെ അമ്പലത്തില്‍ ഒരു ഫാമിലി വരുന്നുണ്ട്. ആ കുട്ടിക്കും ഇത് പോലെ കാന്‍സര്‍ ആണെന്നാണ് പറഞ്ഞു കേട്ടത്. പക്ഷെ ആ കുഞ്ഞനുജത്തിയുടെ ധൈര്യം എന്നെ അത്ഭുതപെടുത്തി കളഞ്ഞു. ഇപ്പോള്‍ അറിഞ്ഞത് അവള്‍ക്കു ഭേദമായി വരുന്നു എന്ന്. അതാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും)

    ReplyDelete
  38. വല്ലാതെ വിഷമിപ്പിച്ചു ട്ടോ ...........ഇതൊരു കഥ മാത്രമായിരിക്കട്ടെ ...................

    ReplyDelete
  39. ഇതൊരു കഥമാത്രാണെങ്കില്‍ ചര്‍വ്വിത ചര്‍വ്വണം എന്നേ പറയാന്‍ പറ്റൂ....അനുഭവമാണെങ്കില്‍..... അങ്ങിനെ അല്ലായിരുന്നിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.... അടുത്ത ജന്‍മം അവള്‍ക്കായി നീക്കിവയ്ക്കണെ അനിയാ പ്ളീസ്‌....

    ReplyDelete
  40. ithu anubhavam aano..."അടുത്ത ജന്മം എനിക്കായിട്ട്‌ മാറ്റിവക്കണേ."
    hridayathil thottu ee varikal..nannayirikunnu

    ReplyDelete
  41. കഥ മാത്രമായിരിക്കട്ടെ ഇത്. മറിച്ച് ആലോചിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

    ReplyDelete
  42. കഥയായിരിക്കുമെന്ന് കരുതി വായിച്ചു. കഥയെന്ന് തോന്നി വായന കഴിഞ്ഞപ്പോഴും.പക്ഷെ കഥയല്ലെ അനുഭവമാണെന്ന് അറിയുമ്പോഴും കഥയായിരിക്കട്ടെ എന്ന് മനസ് ആഗ്രഹിക്കുന്നു.

    ReplyDelete
  43. ഓർമ്മകളിൽ മുങ്ങി, കണ്ണീരിൽ എഴുതിയ ചിത്രം വായിച്ചു, അരുന്ധതിയുടെ ഓർമ്മക്കു മുന്നിൽ ഒരു പിടി പൂക്കൾ.

    ReplyDelete
  44. thikachum hrudayasparshiyaya oru vayananubhavam!!athenne nombarappeduthi!!!!!

    ReplyDelete
  45. erakkadan .entha paryuka nanyirkunnu..bagyam thanne..kittiyalum kittiyiellum apporavanmanu yathartha pranyangal...specially tdays life..kure kapdamaya pranyagalkku nadukkil naloru pranyam .adutha janmam onnikkan sadhikate...

    ReplyDelete
  46. കഥ ആണങ്കിലും അനുഭവ മാണങ്കിലും നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
  47. എല്ലാ വേദനകളും താങ്ങാനുള്ള ധൈര്യവും മനസ്സാന്നിധ്യവുമുണ്ടാകട്ടെ, എന്നും എപ്പോഴും എവിടെയും.

    ReplyDelete
  48. ഹായ് എന്റെ പ്രിയപ്പെട്ട ബൂലോകരെ എന്റെ പേര് ഷൈജു

    ഞാന്‍ ഇ ബൂലോകത്തില്‍ ആദ്യമായി കാല് വെക്കുകയാണ്‌ അതിനാല്‍ എന്റെ രചനകള്‍ വായിച്ച അഭിപ്രായം എഴുതി എന്നെ നിങ്ങളോടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു

    പ്ലീസ് ലോഗ് ഓണ്‍ ടോ

    http://eshaiju.blogspot.com/

    ReplyDelete
  49. ഇന്നലെയാണ് ഈ ബ്ലോഗ്‌ കണ്ടത്. നോക്കി നോക്കി അവസാനം അരുന്ധതിയില്‍ എത്തി . അനുഭവം ആണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമം ആയി :( രണ്ടു ദിവസം മുന്‍പ് എന്റെ ഒരു സുഹൃത്ത്‌ അവന്‍റെ അനുഭവം പറഞ്ഞതേ ഉള്ളു. എന്തായാലും അത് ഇവിടെ ഇപ്പോള്‍ എഴുതുന്നില്ല, എപ്പോളെങ്കിലും ചാറ്റില്‍ കണ്ടാല്‍ പറയാം ...

    ഞാന്‍ അപ്പൊ ബാക്കി സൃഷ്ടികള്‍ കൂടി ഒന്ന് നോക്കട്ടെ.. :)

    ReplyDelete