Mar 8, 2010

വേണ്ടപ്പെട്ടവന്റെ മരണം ഒരു ഫ്ലാഷ്‌ ബാക്ക്‌

(പ്രിയ വായനക്കാരെ..... നിങ്ങളുടെ വീട്ടിലുള്ളവരോ, നാട്ടിലുള്ളവരോ, ബന്ധുക്കളോ ആയ ആരെങ്കിലും മരണപെട്ടുപോയിട്ട്‌ നിങ്ങളതു കാണുവാൻ പോയ ആ ഒരു നിമിഷം മനസ്സിലേക്കൊന്ന് കൊണ്ട്‌ വരിക. അതിനു ശേഷം വായന തുടരുക.)


 

ചന്ദനത്തിരിയുടെ ഗന്ധം മൂക്കിലേക്ക്‌ പാഞ്ഞ്‌ കയറുന്നു. വേലിയോടും മതിലിനോട്‌ ചേർന്നുനിന്നും ആളുകൾ പിറു പിറുക്കുന്നു. വടക്കു ഭാഗത്ത്‌ തനിക്കിരിക്കാൻ ഇനി മൂവാണ്ടൻ മാവിന്റെ കൊമ്പും നേന്ത്രവാഴ ഇലയും ഉണ്ടാകില്ലല്ലോ എന്ന് വിചാരിച്ച്‌ കാക്ക നിർത്താതെ കരയുന്നുണ്ടാകും. പശ്ച്ചാത്തലത്തിൽ രാമായണം മുഴങ്ങും. അതെ...ചില സമയങ്ങളിൽ നാടിനെയോ വീടിനേയോ കുറിച്ച്‌ ആലോചിക്കുമ്പോൾ മരണവീടിന്റെ ഈ ദു:ഖാന്തരീക്ഷം ഉറുമ്പ്‌ കുത്തി നോവിക്കുന്നതുപോലെ ഇടക്കിടെ ഒന്നു നോവിപ്പിക്കും. കത്തിച്ചു വച്ച നിലവിളക്കും, നാഴിയിലും ഇടങ്ങഴിയിലും നിറച്ച്‌ വച്ച അരിയും നെല്ലും, രണ്ടായി പകുത്ത നാളികേരവും ശവത്തിനരികിൽ നിശബ്ദസാക്ഷികളായി അപ്പോൾ നിൽക്കും. തലേദിവസം കഞ്ഞികുടിച്ചതിനു ശേഷം വലിച്ചെറിഞ്ഞ പ്ലാവിലകുമ്പിളുപോലും അവസാനം കടിച്ചു തുപ്പിയ തേങ്ങാകൊത്തിനൊപ്പം ഒന്നു തേങ്ങും. തലമുറകളുടെ ചവിട്ടേറ്റ്‌ തഴമ്പിച്ച വീടിന്റെ ചവിട്ടുപടികൾ അന്നാദ്യം ദു:ഖം ഉള്ളിൽ കടിച്ചമർത്തി നാട്ടുകാർക്കായി തന്റെ തലകുനിച്ച്‌ കൊടുക്കും. മരിച്ചയാളുടെ അവസാന വിയർപ്പ്‌ പതിഞ്ഞ കുപ്പായം തുരുമ്പു പിടിച്ച ആണികളിൽ കിടന്ന് അപ്പോഴും ആടിക്കൊണ്ടിരിക്കും. പെൺ മക്കളുടെ അലറി വിളിച്ചുള്ള കരച്ചിലുകളുടെ തനിയാവർത്തനം അപ്പോഴും മുഴങ്ങും.
വിഷാദം നിറഞ്ഞ്‌ ചുളിവുകൾ വീണ പല നെറ്റിത്തടങ്ങളും, കൈ അച്ചുതണ്ടാക്കിയ താടികളും, വിരഹത്തിന്റെ നിഴൽ പടർന്ന ഹൃദയങ്ങളും വീടിന്റെ പല മൂലക്കും നമ്മുക്ക്‌ ആ സമയം കാണാൻ കഴിയും. അടക്കാനാവാത്ത വിതുമ്പലുകളും അടക്കി പിടിച്ച തേങ്ങലുകളും നേർത്ത നെടുവീർപ്പുകളും, നിശ്വാസങ്ങളും ഇടക്കിടെ അതിനു കൂട്ടു ചേരും. അതൊന്നും നടക്കുന്നത്‌ അറിയാതെ ചെറിയ കുട്ടികൾ ഇടവഴിയിലോ അപ്പുറത്തെ വീട്ടിലോ കളിക്കുന്നുണ്ടാവും. വിശന്നിരിക്കുന്ന ആ വീട്ടിലെ വളരെ ചെറിയ കുട്ടികളെ ഒക്കത്ത്‌ വച്ച്‌ പെണ്ണുങ്ങൾ മാറിനിന്ന് അവരുടെ വിശപ്പടക്കുന്നുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോഴും ഇടക്കിടക്ക്‌ കണ്ണുകൾ നിറഞ്ഞ്‌ തുളുമ്പും.ആ സമയം അകലെ വളപ്പിൽ നിന്ന് മാവ്‌ മുറിക്കുന്ന ശബ്ദം ഒരു പ്രത്യേക താളത്തിൽ കേൾക്കാം. അപ്പോൾ വിറകുവെട്ടുകാരുടെ മഴുവിനു ചെണ്ടക്കോലിനേക്കാൾ താളബോധം കൈ വരും. ആ സമയം അകലെ നിന്ന് വന്നണഞ്ഞ മക്കൾ ആ കാലിൽ വന്ദിച്ച്‌ അന്ത്യസ്പർശനത്തിന്റെ വിടപറച്ചിലിൽ ആരംഭിച്ചിരിക്കും. അതിനെ മുറിച്ചെന്നവണ്ണം ആരുടെയോ കാൾ വന്ന് പരിചയക്കാരന്റെ മൊബെയിൽ "ലജ്ജാവതി" പാടികൊണ്ടിരിക്കും.

തോർത്ത്‌ മുണ്ട്‌ തോളത്തിട്ട്‌ എല്ലാത്തിനും മുൻ കൈ എടുത്ത്‌ ഒരാൾ ഉറക്കമിളച്ച കണ്ണുകളൊടെ മുറ്റത്തുണ്ടാകും. ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ അത്‌ നമ്മൾ തന്നെ ആയിരുന്നില്ലേ?. കണ്ണീരിന്റെ തണുപ്പുള്ള അത്തരം ഓർമ്മകളിലേക്ക്‌ പോകുമ്പോൾ കണ്ണുകൾ കടലായി മാറും, "പോട്ടടാ" എന്ന് ആരെങ്കിലും വന്ന് തോളിൽ തട്ടി ആശ്വസിപ്പിക്കും. വേദനയുണ്ടെങ്കിലും അത്‌ വിഴുങ്ങും. ഇപ്പോൾ ഓർമ്മകളിലോട്ട്‌ നങ്കൂരമിട്ട്‌ നെഞ്ചിലൊന്നു തൊട്ടു നോക്കിയലറിയാം ആ മിടിപ്പിന്റെ തീവ്രത. ആകുലതകൾ മുഖത്തു കാണിച്ച്‌ അകലെ നിന്ന് വിവരം അറിഞ്ഞ്‌ വരുന്ന വരുന്ന ദമ്പതികളെ കാണാം. നേർ രേഖയിൽ വരുന്ന രണ്ടുപേരിൽ നിന്ന് ഭാര്യ നേരെ അകത്തേക്കു പോകും. ഭർത്താവ്‌ പാതി വഴിയിൽ കുട്ടിയേയും കൊണ്ട്‌ പരിചയമുള്ള ആരുടെയെങ്കിലും അടുത്തേക്കു വഴിമാറുകയും ചെയ്യും.

പൊങ്ങച്ച വർത്തമാനങ്ങൾ പറയുന്ന വകയിലെ അമ്മാവന്മാരും വല്യപ്പന്മാരും മുറ്റത്ത്‌ കസേരയിട്ട്‌ മുറുക്കി ചുവപ്പിച്ച്‌ മരണം കാണാൻ വന്ന ആരുടെയെങ്കിലും കുറ്റവും പറഞ്ഞിരിക്കുന്നുണ്ടാവും. ഏതെങ്കിലും തണലിന്റെ തണുപ്പിൽ. കൊഴിഞ്ഞ പല്ലുകൾക്കിടയിലൂടെ ഏറ്റവും കടുപ്പമുള്ള ചർച്ചകള​‍്‌ പരന്നു വീഴും. അതിന്റെ മിക്കവാറും ഇരകൾ ഗൾഫുകാരോ അടുത്തിടെ അടിപിടി നടത്തിയ ആരെങ്കിലുമോ ആകുകയും ചെയ്യും. മരിച്ചയാളെ അവസാനം കണ്ടപ്പോൾ വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന സ്ഥിരം മൊഴിയും അവിടെ ഉയർന്നു വരും. അവരെ കുറിച്ച്‌ പിന്നീടുള്ള പറച്ചിലുകളിൽ ശൂന്യതയിൽ നിന്ന് അൽഭുതങ്ങളുടെ ആകാശത്തേക്ക്‌ മരിച്ചയാളുടെ ചെയ്തികളെ ഉയർത്തും. അപരിചിതരായ ബന്ധുക്കളുടെ മുഖത്ത്‌ നൊമ്പരത്തിൽ ചാലിച്ച ചെറുപുഞ്ചിരി വിടരും.
നെറ്റിയിൽ പൂശിയ ഭസ്മക്കുറിയുടെ കാൽപ്പനികതയോടെ സുസ്മരവേദനായുള്ള ആ കിടപ്പ്‌ കണ്ടാൽ ജീവനുള്ളതിനേക്കാൾ ചൈതന്യമുണ്ടെന്നു നമ്മുക്ക്‌ തോന്നുമായിരുന്നു. പെട്ടന്ന് അവസാനം നമ്മളുമായി ബന്ധപെട്ട ആ നിമിഷം ഒരു കൊള്ളിയാൻ പോലെ ഒന്നു മിന്നും. പെട്ടന്ന് കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടും. ചിതൽ പിടിച്ച ആ ഓർമ്മ പുസ്തകങ്ങൾ തുറന്നു നോക്കുമ്പോൾ കണ്ണുനീർ തുള്ളികൾ കരയുന്ന കർക്കിടകം പോലെ ധാരയായി ഒഴുകും. അപ്പോഴും അവരുടെ ചുണ്ടിനെ ചുംബിക്കാൻ വേണ്ടി ജനലിന്മേലോ മേശപ്പുറത്തോ ഇരിക്കുന്ന ബീഡികെട്ടുകൾ കൊതിക്കും, കൈതലം പുണരാൻ ഊന്നു വടികൾ വിതുമ്പും, വിരൽ സ്പർശമേൽക്കാൻ മുറുക്കാൻ ചെല്ലങ്ങളിലെ തളിർ വെറ്റിലകൾ തുടിക്കും, ചാരുകസേരകൾ തരിക്കും.

സംസ്കാരം കഴിഞ്ഞാൽ അരയിൽ ഒളിപ്പിച്ച തോർത്ത്‌ മുണ്ടുകൾ തോളത്തിട്ട്‌ ആളുകൾ ഒന്നൊന്നായി കൊഴിഞ്ഞു പോകും. അവസാനം അടുത്തവീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ പുകയോടൊപ്പം അപ്പുറത്തെ ശവശരീരം ദഹിപ്പിച്ച പുക കൂടി ചേർന്ന് ഉയരുന്നതും നമ്മുക്ക്‌ കാണാം. ആലോചിക്കുമ്പോൾ ഒരു ദുസ്വപ്നം പോലെ മനസ്സിലും എവിടെയോ പുകഞ്ഞു പൊന്തും. അപ്പോഴും ഇരിക്കാൻ വേറെ ഇടം കിട്ടിയ കാക്ക വെള്ളം കോരാൻ ഉപയോഗിക്കുന്ന കപ്പിയുടെ കര കര ശബ്ദത്തേയും ഭേദിച്ച്‌ കരയുന്നുണ്ടായിരിക്കും.

41 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. വളരെ വേണ്ടപ്പെട്ടവരുടെ മരണം... അത് ഒരിയ്ക്കലും മറക്കാനാകാത്തതും എന്നാല്‍ ഒരിയ്ക്കലും ഓര്‍മ്മിയ്ക്കാനാഗ്രഹിയ്ക്കാത്തതുമായിരിയ്ക്കും.

    അതു കൊണ്ടു തന്നെ പോസ്റ്റ് തുടക്കം മാത്രമേ വായിച്ചുള്ളൂ... അങ്ങനെ പലതും വീണ്ടും ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല :(

    ReplyDelete
  2. മരണത്തേക്കുറിച്ച് മിണ്ടിപ്പോകരുത്....

    വളരെ നന്നായിരിക്കുന്നു... ഒരു മരണവീട്ടില്‍ ചെന്ന പ്രതീതി. എവിടെയൊക്കെയോ ഒരു നൊമ്പരം.

    ReplyDelete
  3. എനിക്ക് മരിക്കണ്ടാ.........

    ReplyDelete
  4. "ഇന്ന് ഞാന്‍ നാളെ നീ " എന്ന വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു നല്ല വിവരണം .

    ReplyDelete
  5. പ്രിയ വായനക്കാരെ..... നിങ്ങളുടെ വീട്ടിലുള്ളവരോ, നാട്ടിലുള്ളവരോ, ബന്ധുക്കളോ ആയ ആരെങ്കിലും മരണപെട്ടുപോയിട്ട്‌ നിങ്ങളതു കാണുവാൻ പോയ ആ ഒരു നിമിഷം മനസ്സിലേക്കൊന്ന് കൊണ്ട്‌ വരിക. അതിനു ശേഷം വായന തുടരുക

    ഈ മുഖവുര വേണ്ടാ മാഷേ, അല്ലാതെ തന്നെ പല ഓര്‍മ്മകളും മനസില്‍ ഉണര്‍ത്തും
    :(

    ReplyDelete
  6. " വിറകുവെട്ടുകാരുടെ മഴുവിനു ചെണ്ടക്കോലിനേക്കാൾ താളബോധം കൈ വരും. ....."

    ..ശോ...പമ്പു കടിക്കാനായിട്ട് ഒരു മഴുവിന്റെ ശബ്ദം കേള്‍ക്ക്ണ്ട്...എന്റെ സമയം ആയാ‍ ?!!

    ReplyDelete
  7. കഴിഞ്ഞ അവധിക്ക് ഞാന്‍ നാട്ടില്‍ ചെന്നപ്പഴാണു എന്‍റെ ഗുരു ബാലേട്ടന്‍റെ മോള്‍ ബോബികൃഷ്ണ മരണപെട്ടത് അവിടെ ബാലേട്ടന്‍ ഇരുന്നിരുന്നാ ആ ഇരുത്തം എന്‍റെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല . ബോബികൃഷ്ണയുടെ ആത്മാവിനു നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  8. ശരിക്കും അവിടത്തെ അന്തരീക്ഷം കിറുകൃത്യമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  9. ആലോചിക്കുമ്പോൾ ഒരു ദുസ്വപ്നം പോലെ മനസ്സിലും എവിടെയോ പുകഞ്ഞു പൊന്തും...........
    അതെ ഒരു വിഷമം പോലെ


    വേറെ ഒനും പറയാനില്ല

    ReplyDelete
  10. എല്ലാരും പറഞ്ഞത്‌ പോലെ ഒരു മുഖവുരയുടെ ആവശ്യമില്ല എറക്കാടാ, "ടാക്സിയില്‍ നിന്നിറങ്ങുമ്പോള്‍ കാത്തിരിക്കുന്ന ജനങ്ങളുടെ ഡസന്‍ കണക്കിനു കണ്ണുകള്‍ കൊത്തി തിന്നുന്നുണ്ടാകും" എന്ന് കൂടി ഞാന്‍ ചേര്‍ക്കുന്നു പ്രവാസികള്‍ക്കായി

    ReplyDelete
  11. നേരിട്ട് പറഞ്ഞതിനേക്കാള്‍
    തീവ്രമായിരിക്കുന്നു
    വായിക്കുമ്പോള്‍...
    ശരിക്കും അനുഭവിക്കുന്ന
    പ്രതീതി...

    ReplyDelete
  12. ഞങ്ങൾ പ്രവാസികൾ ബന്ധുജനവിരഹദു:ഖവും പേറി മരണവീട്ടിലെത്തുമ്പൊൾ സകലരും കാണിക്കുന്ന ആ വി.ഐ.പി പരിചരണമാണ് ,വിഷമത്തേക്കാൾ കൂടുതൽ അരോചകമായി തീരാറ്....

    ReplyDelete
  13. വേണ്ട... ആലോചിക്കേണ്ട. എന്നിട്ടും എന്നോടുമെഴുതിപ്പോവുന്നു!!
    :(

    ReplyDelete
  14. മരണം ഉത്തരമില്ലാത്ത ചോദ്യമാണോ. അതോ എല്ലാ പ്രശ്നത്തിന്റെയും. അവസാന ഉത്തരമോ ?

    ReplyDelete
  15. maranathinte gandham niranja ee post oru thirinju nottathinu preripichu......maranam oru pidikkittapulli thanne!!!!!!!

    ReplyDelete
  16. ആ മുഖവുര ഇല്ലാതെ തന്നെ പലതും മനസ്സിൽ ഓടിയെത്തും.. കാരണം വേണ്ടപ്പെട്ടവരുടെ മരണം... അത്തരം ഒരു മരണം പറയണ്ടായിരുന്നു ഏറക്കാടാ..
    “വടക്കു ഭാഗത്ത്‌ തനിക്കിരിക്കാൻ ഇനി മൂവാണ്ടൻ മാവിന്റെ കൊമ്പും നേന്ത്രവാഴ ഇലയും ഉണ്ടാകില്ലല്ലോ എന്ന് വിചാരിച്ച്‌ കാക്ക നിർത്താതെ കരയുന്നുണ്ടാകും“ - ഒരു ചെറിയ സംശയം തെക്ക് വശത്തെ മാവല്ലേ മുറിക്കുക..?
    എഴുതിയത് ഏറെക്കുറെ ശരികളാണ്.. നീറ്റുന്നവയാണെന്ന് മാത്രം..

    ReplyDelete
  17. മരണം ഒരു വേര്‍ പാടാണ്
    വേര്‍പാട്‌ ദുഖവും
    ശരിക്കും മനസ്സില്‍ തട്ടി..........

    ReplyDelete
  18. valare nanayirikunnu...janichal marikkanam epolayalum...

    ReplyDelete
  19. as sree said:

    പലതും വീണ്ടും ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല :(

    ReplyDelete
  20. എപ്പോഴും കടന്ന് വരാവുന്ന ക്ഷണിക്കപ്പെടാത്ത അഥിതിയാണു മരണം..,ഇന്ന് ഞാൻ നാളെ നീ..,എല്ലാവരും മരിക്കും...,അപ്പോഴും എല്ലാം ദേ ഈ പറഞ്ഞത്‌ പോലെത്തന്നെയായിരിക്കും..,സന്തോഷത്തോടെ ജീവിച്ച്‌ സന്തോഷത്തോടെ തന്നെ മരിക്കാൻ എനിക്കാകുമോ..എന്തോ,..?
    ഒരു നാൾ ഈ കാണുന്ന എല്ലാം ഇട്ടെറിഞ്ഞ്‌ പോകേണ്ടിവരുമല്ലോ..ഇതു വായിച്ച്‌ കഴിഞ്ഞപ്പോൾ പേടിയാകുന്നു...എനിക്ക്‌ മരിക്കണ്ട...അതിനു വല്ല ഉപായവുമുണ്ടോ എറക്കാടാ...
    ഏതായാലും നല്ല വിവരണം..ഒരു തിരക്കഥപോലെ പരിസരം നന്നായി നിരീക്ഷിച്ച്‌ പകർത്തിയിരിക്കുന്നു...
    അഭിനന്ദനങ്ങൾ..

    ReplyDelete
  21. 'ഇരിക്കാന്‍ വേറെ ഇടം കിട്ടിയ കാക്ക' - ആ പ്രയോഗം പ്രകൃതിയിലെ ഒരു സത്യം ആണ് ഓര്‍മപ്പെടുത്തിയത് .. ശരീരം നഷ്ടമായ ആത്മാവ് മറ്റൊരു ശരീരത്തില്‍ ചേക്കേറുന്ന പോലെ ! അതൊരു ബലിക്കാക്ക ആയിരിക്കും !!!

    [എറക്കാടാ.. ഞങ്ങളുടെ ഒക്കെ പേരില്‍ മാത്രമേ ഭീകരത ഉള്ളൂ.. ഈ കളി ഇനി വേണ്ടാട്ടോ ]

    ReplyDelete
  22. നല്ല നിരീക്ഷണം ബീഡിയെയും മുറുക്കാൻ വെത്തിലയെയും പോലും വെറുതെ വിട്ടില്ല .....

    ReplyDelete
  23. ആര്‍ക്കും ഒഴിവാക്കാനാവാത്ത ഒരു സത്യം, അത്
    എല്ലാവരും നേരിട്ടേ പറ്റൂ. :(

    ReplyDelete
  24. അവസാനം എല്ലാരും എത്തിപ്പെടുന്നത് അവ്ടെക്കുതന്നെ....

    ReplyDelete
  25. അധികം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മ്മകള്‍!

    ReplyDelete
  26. ഓര്‍മ്മകള്‍ :)
    (എറക്കാടൻ ,നല്ലത് ഓര്‍ക്കുന്നതിനല്ലേ ഒരു സുഖം )

    ReplyDelete
  27. ഹോ..വല്ലാത്തൊരു പോസ്റ്റ്‌..
    വായിച്ചു കഴിഞ്ഞപ്പോള്‍..
    :(

    ReplyDelete
  28. നാം അവിടെ എത്തും ഒരു നാള്‍. അല്ലാതെ എവിടെപ്പോകാനാണ്

    ReplyDelete
  29. ശ്ശോ, മനുഷ്യനെ മനസ്സമാധാനമായി ഇരിക്കാൻ സമ്മതിക്കില്ല അല്ലേ..

    ReplyDelete
  30. നന്നായി---ശരിക്കും എന്റെ ഓര്‍മ്മകള്‍ പലരും മരിച്ച ഓര്‍മകളിലേക്ക് പോയി --- വേണ്ടപ്പെട്ടവരുടെ മരണം--അല്ല--സാധാരണ മരണം പോലും എനിക്ക് വേദന ഉണ്ടാക്കുന്നതാണ് ---

    ReplyDelete
  31. ശ്രീ, അതു ശരി തന്നെ എങ്കിലും മുഴുവൻ വായിക്കൂ.
    കൂതറേ : ഇതെന്തുവാഡേയ്യ്‌
    വാഴക്കാവരയൻ: മിണ്ടുന്നില്ലേയ്‌
    പുസ്തക പുഴു: ആദ്യമാണെന്നു തോന്നുന്നു. നന്ദി

    ReplyDelete
  32. അരുണേട്ടാ: അങ്ങിനെയൊരു തെറ്റു പറ്റി ക്ഷമി.
    ഗോപോ : നിന്റെ സമയം ആയിട്ടില്ല ആകുമ്പോൾ പള്ളീലു മണിയടിക്കും.
    ഹം സക്കാ : ബേബികൃഷ്ണയുടെ ആത്മാവിന്റെ ശാന്തിക്കായി നമ്മുക്ക്‌ പ്രാർത്ഥിക്കാം.
    എഴുത്തുകാരി : താങ്ക്സ്‌

    ReplyDelete
  33. അഭി: വിഷമം കൊണ്ട്‌ തന്നെയാണ​‍്‌ എഴുതിയത്‌.
    പീഡി: ശരിയാണ​‍്‌ ആ പറഞ്ഞത്‌.
    സുമേഷ്‌: താങ്ക്സ്‌ ഡാ
    മുരളിയേട്ടാ :സത്യമാണു പറഞ്ഞത്‌
    ശ്രദ്ദേയൻ: നന്ദി. ആദ്യവരവാണെന്നു തോന്നുന്നു.

    ReplyDelete
  34. റഫീക്‌: നന്ദി
    കുട്ടാ: ഉത്തരമില്ലാത്ത ചോദ്യം തന്നെയാണ​‍്‌.
    മനോരാജേട്ടാ: താങ്കൾ പറഞ്ഞ്തു തന്നെയാണ​‍്‌ ശരി.
    പൗർണ്ണമി: ആദ്യവരവിനു സ്വാഗതം.

    ReplyDelete
  35. ഒഴാക്കൻ :താങ്ക്സ്‌
    കമ്പറേ : താങ്ക്സ്‌
    കൊലകൊമ്പൻ :ഹ..ഹ.താങ്ക്സ്‌
    നാടകക്കാരൻ : വിടരുതല്ലോ

    ReplyDelete
  36. മുരളി : നന്ദി
    തെച്ചികോടൻ : അതെ
    രാംജി : സത്യം
    ഭായി : താങ്ക്സ്‌

    ReplyDelete
  37. രാധികച്ചേച്ചി : നന്ദി
    ബിന്ദു ചേച്ചി: താങ്ക്സ്‌
    വിഷ്ണു: വീണ്ടുമുള്ള വരവിനു നന്ദി
    അക്ബർ: ആദ്യമായാണെന്നു തോന്നുന്നു. താങ്ക്സ്‌

    ReplyDelete
  38. serikkum oru maranaveedinte andareeksham...hi hi

    ReplyDelete
  39. ആദ്യമായി എത്തിയതാണ്....സന്തോഷം
    അസുഖകരമെങ്കിലും എല്ലാവരും എപ്പോഴും ഓർത്തിരിക്കേണ്ട ഒന്ന്.
    സന്ദർഭവും,ആചുറ്റുപാടും വളരെ തനിമയോടെ അവതരിപ്പിച്ചു. ആശംസകൾ

    ReplyDelete
  40. എനിക്ക് ഈ അന്തരീക്ഷമൊന്നും പരിചയമില്ല. അപ്പോഴൊക്കെ ഞാൻ ഒരുപാട് ദൂരെ ആയിരുന്നു.
    എങ്കിലും ദുരന്ത വാർത്തകളുമായി വന്ന ഫോണുകളും, അപ്പോൾ ഞാൻ കത്തിച്ചിരുന്ന ചന്ദനത്തിരിയുടെ ഗന്ധവും എനിക്കോർമ്മയുണ്ട്. പിന്നീട് അനുഭവിച്ച അനാഥത്വവും ഞാൻ മറന്നിട്ടില്ല.

    ReplyDelete